| Sunday, 28th May 2023, 5:55 pm

മലിംഗ പോലും ഇങ്ങനൊന്ന് എറിഞ്ഞിട്ടുണ്ടാവില്ല😲😲; ചരിത്രത്തിലെ ഏറ്റവും മികച്ച സ്വിങ്ങിങ് യോര്‍ക്കര്‍ 🔥; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡെലിവറികള്‍ക്കൊന്നിനാണ് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. വൈറ്റാലിറ്റി ടി-20 ബ്ലാസ്റ്റിലെ ലങ്കാഷെയര്‍ – നോട്ടിങ്ഹാംഷെയര്‍ മത്സരത്തിലാണ് ഈ തകര്‍പ്പന്‍ ബൗളിങ് പ്രകടനം പിറന്നത്.

ലങ്കാഷെയറിന്റെ ഇടംകയ്യന്‍ പേസര്‍ ലൂക് വുഡാണ് ചരിത്രത്തിലേക്കുള്ള തകര്‍പ്പന്‍ യോര്‍ക്കര്‍ എറിഞ്ഞത്. നോട്ടിങ്ഹാംഷെയര്‍ ഓപ്പണറായ അലക്‌സ് ഹെയ്ല്‍സിനെ മടക്കാന്‍ വേണ്ടിയാണ് വുഡ് തന്റെ ആവനാഴിയിലെ ഏറ്റവും വലിയ ആയുധങ്ങളിലൊന്ന് പുറത്തെടുത്തത്.

നോട്ടിങ്ഹാംഷെയര്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് വുഡ് ഹെയ്ല്‍സിനെ മടക്കിയത്. ലങ്കാഷെയറിന്റെ ബഹീമത് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ നോട്ടിങ്ഹാംഷെയറിന്റെ ഏറ്റവും മികച്ച ബാറ്ററെ ഡക്കാക്കിക്കൊണ്ടാണ് വുഡ് പുറത്താക്കിയത്.

വുഡിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ തന്റെ ഓഫ് സ്റ്റംപ് കടപുഴകി വീഴുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമാണ് ഹെയ്ല്‍സിന് സാധിച്ചത്.

അതേസമയം, മത്സരത്തില്‍ ലങ്കാഷെയര്‍ 22 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കാഷെയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.

41 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ആറ് സിക്‌സറുമടക്കം പുറത്താകാതെ 85 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ലങ്കാഷെയര്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. മിച്ചലിന് പുറമെ ഓപ്പണറായ ഫില്‍ സോള്‍ട്ടും ലൂക്ക് വെല്‍സും ക്യാപ്റ്റന്‍ ലിയാം ലിവിങ്സ്റ്റണും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ സ്‌കോര്‍ ഉയര്‍ന്നു. സോള്‍ട്ട് 24 പന്തില്‍ നിന്നും 34 റണ്‍സ് നേടിയപ്പോള്‍ വെല്‍സ് 23 പന്തില്‍ നിന്നും 38ഉം ലിവിങ്സ്റ്റണ്‍ 23 പന്തില്‍ നിന്നും 32ഉം റണ്‍സ് നേടി.

നോട്ടിങ്ഹാംഷെയറിനായി സമിത് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിന്‍ഡണ്‍ ജെയിംസും ഷഹീന്‍ ഷാ അഫ്രിദിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

209 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ നോട്ടിങ്ഹാംഷെയറിനായി കോളിന്‍ മണ്‍റോ അടക്കമുള്ളവര്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. മണ്‍റോ 29 പന്തില്‍ നിന്നും 60 റണ്‍സ് നേടിയപ്പോള്‍ 41 റണ്‍സ് വീതം നേടി മാത്യു മോന്റ്‌ഗോമെറിയും ടോം മൂര്‍സും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് നോട്ടിങ്ഹാംഷെയറിന് നേടാന്‍ സാധിച്ചത്.

ലങ്കാഷെറയിനായി ലൂക് വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാഖിബ് മഹമ്മൂദ്, ലൂക് വെല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ലങ്കാഷെയറിന്റെ ബാറ്റിങ്ങില്‍ കരുത്തായ ഡാരില്‍ മിച്ചലാണ് മാന്‍ ഓഫ് ദി മാച്ച്.

ജൂണ്‍ ഏഴിനാണ് ലങ്കാഷെയറിന്റെ അടുത്ത മത്സരം. വോസ്റ്റര്‍ഷെയറാണ് എതിരാളികള്‍.

Content highlight: Luke Wood’s incredible delivery to dismiss Alex Hales

We use cookies to give you the best possible experience. Learn more