മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ലുക്മാന്‍ അവറാന്‍. ക്യാരക്ടര്‍ റോളിലൂടെ പ്രധാന നടന്മാരില്‍ ഒരാളായി മാറിയ നടനാണ് ലുക്മാന്‍. 2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. മമ്മൂട്ടി പ്രധാന കഥാപാത്രത്തില്‍ എത്തിയ ഉണ്ടയിലും ലുക്മാന്‍ അഭിനയിച്ചിരുന്നു.
തന്റെ ആദ്യകാല ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചതിന്റെ അനുഭവവും അതുവഴി സപ്തമശ്രീ തസ്‌കരാഃയില്‍ വേഷം കിട്ടിയതിനെക്കുറിച്ചുമുള്ള ഓര്‍മകള്‍ ലുക്മാന്‍ പങ്കുവെച്ചു. ആ ഷോര്‍ട്ട് ഫിലിമാണ് തനിക്ക് മേല്‍വിലാസം നല്‍കിയതെന്നും താരം പറഞ്ഞു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്‍ ഇക്കാര്യം പറഞ്ഞത്.
‘കിട്ടുമോ എന്ന ഷോര്‍ട്ട് ഫിലിം എന്റെ വിശപ്പ് തീര്‍ത്തുതന്ന ഒന്നായിരുന്നു. അതില്‍ അഭിനയിച്ച സമയത്ത് താമസിച്ചുകൊണ്ടിരുന്ന വാടകവീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് അത് മില്ല്യണ്‍ വ്യൂസ് നേടി, അതുവഴി പൈസയൊക്കെ കിട്ടി. ആ സമയത്ത് ഒരുപാട് ഓഡിഷന് പോകുമായിരുന്നു. അങ്ങനെയാണ് സപ്തമശ്രീ തസ്‌കരാഃയുടെ ഓഡിഷനും പോകുന്നത്.
ഖാലിദ് റഹ്‌മാനാണ് അന്ന് എന്നെ ഓഡിഷന്‍ ചെയ്യിച്ചത്. എന്നോട് ഒന്നും ചെയ്യാന്‍ പറഞ്ഞില്ല. ‘ബ്രോയുടെ ഷോര്‍ട്ട് ഫിലിം ഞാന്‍ കണ്ടതാണ്, അതുകൊണ്ട് ബ്രോ ഒന്നും ചെയ്യണ്ടാന്ന് ഖാലിദ് പറഞ്ഞു. അതില്‍ ഒരു വേഷവും എനിക്ക് തന്നു. ആ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതുകൊണ്ടാണ് എനിക്ക് ആ സിനിമ ചെയ്യാന്‍ പറ്റിയത്.
അതുപോലെ ഹര്‍ഷാദ് എന്നെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്തപ്പോള്‍ എന്നോട് ചോദിച്ചത് കാര്‍ ഉണ്ടോ എന്നാണ്. കാര്‍ ഉണ്ടെങ്കില്‍ റോള്‍ ഉണ്ട്. ഇല്ലെങ്കില്‍ കാറുള്ള ആര്‍ക്കെങ്കിലും ഈ റോള്‍ കൊടുക്കുമെന്ന് പറഞ്ഞു. ഞാന്‍ ഒടുക്കം ഒരു കാര്‍ റെന്റിനെടുത്തു. ഒരു മാസം കഴിഞ്ഞ് പൈസ കൊടുക്കാമെന്ന് വിചാരിച്ചാണ് റെന്റിനെടുത്തത്. പക്ഷേ പൈസ കൊടുക്കാന്‍ പത്തു മാസമെടുത്തു,’ ലുക്മാന്‍ പറഞ്ഞു.
Content Highlight: Lukam Avaran about his audition experience with Khalid Rahman