2022 ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ക്രൊയേഷ്യന്‍ ഇന്റര്‍നാഷണലുമായ ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യക്കൊപ്പം തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് താരം അറിയിച്ചത്.
തനിക്കിപ്പോള്‍ പ്രായമായെന്നും ക്രൊയേഷ്യക്കൊപ്പം ഇനിയൊരു ലോകകപ്പിന് താന്‍ ഉണ്ടാവില്ലെന്നും മോഡ്രിച്ച് പറയുന്നു.
ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഡ്രിച്ച് 2022 തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അറിയിച്ചത്.
‘ഞാനിപ്പോള്‍ ഒരു പ്രത്യേക പ്രായത്തിലാണെന്ന് കാര്യം എനിക്കറിയാം. ക്രൊയേഷ്യന്‍ ദേശീയ ടീമിനൊപ്പം ഇതെന്റെ അവസാന ലോകകപ്പായിരിക്കും,’ മോഡ്രിച്ച് പറഞ്ഞു.
റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ വിശ്വസ്തനായ താരത്തിന് ഇപ്പോള്‍ 37 വയസാണുള്ളത്. 2018ല്‍ ക്രൊയേഷ്യയെ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചതില്‍ മോഡ്രിച്ചിന്റെ പങ്ക് ഏറെ വലുതായിരുന്നു.
ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും തലയുയര്‍ത്തി തന്നെയായിരുന്നു ക്രൊയേഷ്യ ലോകകപ്പില്‍ നിന്നും മടങ്ങിയത്. അന്ന് ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തതും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും തേടിയെത്തിയതും ക്രൊയേഷ്യയുടെ പടനായകനെ തന്നെയായിരുന്നു.
ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ച് 2018ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. മെസിയും റൊണാള്‍ഡോയും കുത്തകയാക്കി വെച്ച ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇരുവരെയും മറികടന്നുകൊണ്ടായിരുന്നു താരം സ്‌പോര്‍ട്‌സ് ലോകത്തിന്റെ കയ്യടി നേടിയത്.
മൂന്ന് ലോകകപ്പില്‍ മോഡ്രിച്ച് ക്രൊയേഷ്യയെ പ്രതിനിധീകരിച്ചിരുന്നു. 2006, 2014, 2018 ലോകകപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം 23 ഗോളും 24 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.