| Sunday, 30th April 2023, 2:10 pm

ആരാധകരെ ആശങ്കയിലാഴ്ത്തി താരങ്ങളുടെ കൂടുമാറ്റം; റയല്‍ മാഡ്രിഡ് സൂപ്പര്‍താരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിക്കാനിരിക്കെ ഞെട്ടിക്കുന്ന റൂമറുകളാണ് ഫുട്‌ബോള്‍ ലോകത്ത് പ്രചരിക്കുന്നത്. ഇതിഹാസ താരങ്ങളില്‍ പലരും കരിയറില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും കൂടുമാറ്റം നടത്തുമെന്നതിനെയുമൊക്കെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സൂപ്പര്‍താരം ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലയണല്‍ മെസി ബാഴ്സലോണ വിടാനുണ്ടായ സമാന കാരണത്താലാണ് മോഡ്രിച് ക്ലബ്ബ് വിടുന്നതെന്ന് സ്പാനിഷ് ഔട്ലെറ്റായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാഴ്സലോണക്ക് മെസിയുടെ കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനാലാണ് രണ്ട് വര്‍ഷം മുമ്പ് താരം ക്യാമ്പ് നൗവിന്റെ പടിയിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ബാഴ്സ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു.

റയലില്‍ മോഡ്രിചിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. മോഡ്രിച്ചുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ വരുന്ന ട്രാന്‍സ്ഫര്‍ സീസണില്‍ റിലീസ് ചെയ്യാനാണ് റയലിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് പകരം ജൂഡ് ബെല്ലിങ്ഹാമിനെ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

ലാ ലിഗയില്‍ അല്‍മിറക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ കരിം ബെന്‍സെമയുടെ ഹാട്രിക്കും റോഡ്രിഗോയുടെ ഒരു ഗോളുമാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിന് ശേഷം ബെന്‍സെമയെ പുകഴ്ത്തി നിരവധിയാരാധകരാണ് രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം റയലിനായി 350 ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് പേരിലാക്കിയിരിക്കുകയാണ് ബെന്‍സെമ.

ലാ ലിഗയില്‍ ഇതുവരെ കളിച്ച 32 മത്സരങ്ങളില്‍ നിന്ന് 21 ജയവും 68 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 11 പോയിന്റ് വ്യത്യാസത്തില്‍ ബാഴ്സലോണ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.

മെയ് മൂന്നിന് റയല്‍ സോസിഡാഡുമായാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Luka Modric will leave Real Madrid in this season

Latest Stories

We use cookies to give you the best possible experience. Learn more