ഫുട്ബോൾ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാമ്പ്യന്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടത്തുന്ന ആവേശകരമായ മത്സരത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെയാണ് നേരിടുന്നത്.
നീണ്ട 11 വര്‍ഷങ്ങള്‍ക്കുശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ഡോര്‍ട്മുണ്ടും തങ്ങളുടെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡും ലക്ഷ്യമിടുമ്പോള്‍ വെംബ്ലി സ്റ്റേഡിയത്തില്‍ തീപാറും എന്ന് ഉറപ്പാണ്.
ഇപ്പോഴിതാ ഈ ആവേശകരമായ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്.
‘ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഞങ്ങള്‍ അനായാസം വിജയിക്കുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബയര്‍ ലെവര്‍കൂസനും അറ്റ്‌ലാന്റയും തമ്മിലുള്ള മത്സരത്തിലും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിലും എല്ലാം എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഫൈനല്‍ മത്സരത്തില്‍ മികച്ച കളി കളിക്കണം,’ ലൂക്ക മോഡ്രിച്ച് പറഞ്ഞു.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനെ രണ്ട് പാദത്തിലുമായി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡോര്‍ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ബയേണ്‍ മ്യൂണിക്കിനെതിരെ 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ജയിച്ചു കയറിയാണ് ലോസ് ബ്ലാങ്കോസ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന റയല്‍ അവസാന നിമിഷങ്ങളില്‍ രണ്ടു ഗോളുകള്‍ നേടി കൊണ്ട് അത്ഭുതകരമായാണ് ജയം സ്വന്തമാക്കിയത്.
Content Highlight: Luka Modric talks about UCL Final