| Sunday, 1st September 2024, 9:43 pm

ഫുട്ബോളിലെ നേട്ടങ്ങളിലൊന്നും അദ്ദേഹം തൃപ്തനല്ല, ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നു: ലൂക്ക മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ക്രോയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ച്. മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. റിയോ ഫെര്‍ഡിനാന്‍ഡിന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മോഡ്രിച്ച്.

‘റൊണാള്‍ഡോയിലെ ഏറ്റവും സവിശേഷമായ കാര്യം എന്തെന്നാല്‍ അദ്ദേഹത്തിന് ഫുട്‌ബോളിനോടുള്ള അഭിനിവേശമാണ്. റൊണാള്‍ഡോ എപ്പോഴും ഫുട്‌ബോളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവന്‍ സന്തുഷ്ടനല്ല. ഇതിലും കൂടുതല്‍ നേടാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ഇത് അതിശയകരമാണ്. അവന്‍ ടീമിന് നല്‍കുന്ന സംഭാവനകള്‍ അവിശ്വസനീയമായിരുന്നു. എല്ലാവരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നു. റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ഗോളുകള്‍, ട്രോഫികള്‍, വ്യക്തിഗത നേട്ടങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും അദ്ദേഹം ഒരു മികച്ച ലീഡറാണ്. ഒരുപാട് വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം കളിക്കാനും നിരവധി ട്രോഫികള്‍ നേടാന്‍ സാധിച്ചതിലും ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ മോഡ്രിച്ച് പറഞ്ഞു.

റൊണാള്‍ഡോ ഫുട്ബോളില്‍ അവിസ്മരണീയമായ ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ലോകത്തിലെ മികച്ച ക്ലബ്ബുകളില്‍ പന്തു തട്ടിയ റൊണാള്‍ഡോ ഐതിഹാസികമായ ഒരു ഫുട്ബോള്‍ കരിയറാണ് പടുത്തുയര്‍ത്തിയത്.

നിലവില്‍ ഒരു ചരിത്രനേട്ടത്തിനരികെയാണ് റൊണാള്‍ഡോ. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം. ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 899 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

അതേസമയം റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രതിഭയാണ് മോഡ്രിച്ച്. റയലിനായി 13 സീസണുകളില്‍ പന്തുതട്ടിയ താരം സ്പാനിഷ് ക്ലബ്ബിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി നടന്ന യുവേഫ സൂപ്പര്‍ കപ്പ് റയല്‍ സ്വന്തമാക്കിയിരുന്നു.

ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്‍ഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു റയല്‍ ചാമ്പ്യന്‍മാരായത്. ഈ കിരീടം ചൂടിയതിന് പിന്നാലെ റയലിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമായി മാറാന്‍ മോഡ്രിച്ചിന് സാധിച്ചിരുന്നു. സ്പാനിഷ് വമ്പന്‍മാരോടൊപ്പം 27 കിരീടങ്ങളാണ് മോഡ്രിച്ച് നേടിയത്. ഈ സീസണില്‍ റയലിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: Luka Modric Talks About Cristaino Ronaldo

Latest Stories

We use cookies to give you the best possible experience. Learn more