| Sunday, 7th May 2023, 2:58 pm

കോപ്പ ഡെല്‍ റേയിലെ വിജയത്തിന് ശേഷം റയല്‍ മാഡ്രിഡ് സൂപ്പര്‍താരങ്ങള്‍ പടിയിറങ്ങുന്നു? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ ഡെല്‍ റേ ട്രോഫി ലോസ് ബ്ലാങ്കോസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ്. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.

കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ രണ്ട്, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.

റയല്‍ മാഡ്രിഡിലെ ചില താരങ്ങള്‍ക്ക് ഇത് തങ്ങളുടെ അവസാന സീസണാണ്. ലൂക്ക മോഡ്രിച്ച്, മാര്‍ക്കോ അസെന്‍സിയോ എന്നിവരുടെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെ തങ്ങളുടെ പ്രിയ താരങ്ങള്‍ ക്ലബ്ബില്‍ തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ക്ലബ്ബില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിലും റയല്‍ എന്താണ് തനിക്കായി കരുതിവെച്ചിരിക്കുന്നതെന്നറിയില്ല എന്നാണ് മോഡ്രിച്ച് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. അതേസമയം, റയല്‍ മാഡ്രിഡിലെ തന്റെ ഭാവിയെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു അസെന്‍സിയോയുടെ പ്രതികരണം.

എന്നാല്‍ ഇരുവരെയും ക്ലബ്ബില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് റയല്‍ മാഡ്രിഡ് മെനയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

2015ലാണ് മാര്‍ക്കോ അസെന്‍സിയോ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 273 മത്സരങ്ങളില്‍ നിന്ന് 58 ഗോളും 30 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2016-17 സീസണില്‍ മികച്ച പ്രകടം പുറത്തെടുത്ത താരം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നിരുന്നാലും 27കാരനായ താരം ഈ സീസണിന്റെ അവസാനം ബാഴ്‌സലോണ എഫ്.സിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെയ് 10ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Luka Modric talking about his future in Real Madrid

We use cookies to give you the best possible experience. Learn more