ഫുട്‌ബോള്‍ ആരാധകരുടെ ഇടയിയില്‍ എന്നും ആവേശം നിറക്കുന്നതാണ് ലോകകപ്പ്. ഇഷ്ടങ്ങള്‍ക്കപ്പുറം ടീമുകളുടെ കോഓഡിനേഷനും ഡെപ്ത്തും നോക്കി ഏറ്റവും വിജയ സാധ്യതയുള്ള ടീമുകളെ ആരാധകരും കളിക്കാരും പ്രഡിക്റ്റ് ചെയ്യാറുണ്ട്.
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരവും ക്രൊയേഷ്യയുടെ ക്യാപ്റ്റനുമായ ലൂകാ മോഡ്രിച്ചിന്റെ അഭിപ്രായത്തില്‍ അര്‍ജന്റീന ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. ഈ പ്രാവശ്യം അര്‍ജന്റീന ഒരുപാട് ഒത്തൊരുമയുള്ള ടീമാണെന്നും മെസി അവരുടെ തലപ്പത്തുള്ളതും ടീമിന് വലിയ പോസിറ്റീവാണെന്നും റയല്‍ താരം പറഞ്ഞു.
‘കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ അര്‍ജന്റീനയ്ക്കെതിരെ കളിച്ചപ്പോള്‍ വിജയിച്ചിരുന്നു. ഞാന്‍ ഇപ്പോള്‍ കാണുന്നത് അര്‍ജന്റീന വളരെ മികച്ച ടീമാണ്, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ശക്തമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഒരു നല്ല ഗ്രൂപ്പുണ്ട്, അവര്‍ മെസിക്കൊപ്പം വളരെ ശക്തമായ ഒരു ടീമിനെ സൃഷ്ടിച്ചു. മെസി, ഒരു വ്യത്യസ്ത കളിക്കാരനാണ്.’ മോഡ്രിച് പറഞ്ഞു.
2018 ലോകകപ്പില്‍ അര്‍ജന്റീനയെ മൂന്ന് ഗോളിന് ക്രൊയേഷ്യ തോല്‍പ്പിച്ചിരുന്നു. ആ വര്‍ഷം റണ്ണര്‍ അപ്പ് ആയിട്ടായിരുന്നു ക്രൊയേഷ്യ ഫിനിഷ് ചെയ്തത്. എന്നാല്‍ അര്‍ജന്റീന റൗണ്ട് ഓഫ് 16ല്‍ പുറത്താകുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ ലോകകപ്പ് വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീന. മെസിയുടേയും സ്‌കലോനിയുടേയും കീഴില്‍ കഴിഞ്ഞ 33 മത്സരത്തില്‍ അവര്‍ തോറ്റിട്ടില്ല.
‘മുമ്പത്തെക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ കൂടുതല്‍ ഐക്യത്തിലാണ്. അവര്‍ കുറേ നാളുകളായി കളികള്‍ തോറ്റിട്ടില്ല. അത് അവരുടെ ടീമിനെ കുറിച്ച് ഒരുപാട് പറയുന്നു. മെസി ഉള്ളത് കൊണ്ട് അവര്‍ എന്നും ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളില്‍ ഒരാളാണ്’ മോഡ്രിച് കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീന അവരുടെ ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍ 22-ന് സൗദി അറേബ്യയ്ക്കെതിരെ ഗ്രൂപ്പ് സിയില്‍ ആരംഭിക്കും, തുടര്‍ന്ന് മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.
ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, കാനഡ, മൊറോക്കോ എന്നിവര്‍ക്കൊപ്പമാണ് ക്രൊയേഷ്യ.