Football
'കോടികള്‍ നല്‍കിയിട്ടും കാര്യമില്ല, റയല്‍ മാഡ്രിഡില്‍ തന്നെ തുടരും'; സൗദി ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ച് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 16, 06:19 pm
Friday, 16th June 2023, 11:49 pm

സ്പാനിഷ് ടോപ്പ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയിലെ മികച്ച ക്ലബ്ബുകളിലൊന്നായ റയലിന്റെ മികച്ച താരങ്ങളിലൊരാളാണ് ലൂക്കാ മോഡ്രിച്ച്. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ച മോഡ്രിച്ചിനെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ റയല്‍ തീരുമാനിക്കുകയായിരുന്നു.

താരത്തെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ശ്രമങ്ങള്‍ നടത്തിയെന്നും എന്നാല്‍ താരം ഓഫര്‍ നിരസിച്ചെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 200 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മോഡ്രിച്ചിനായി വെച്ചുനീട്ടിയിരിക്കുന്നത്. താന്‍ ഇക്കാര്യത്തില്‍ പല തവണ പ്രതികരിച്ചിട്ടുണ്ടെന്നും റയല്‍ മാഡ്രിഡില്‍ തുടരാന്‍ തന്നെയാണ് തീരുമാനം എന്നുമാണ് അദ്ദേഹം പറഞ്ഞത്. യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനല്‍സില്‍ നെതര്‍ലാന്‍ഡ്‌സുമായി ഏറ്റുമുട്ടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ മൊറോക്കന്‍ ടീമിന്റെ വരാനിരിക്കുന്ന മത്സരത്തിലാണ് ഞാന്‍ ഫോക്കസ് ചെയ്തിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ കാര്യം ഞാന്‍ മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.

ഇപ്പോള്‍ നെതര്‍ലെന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതെല്ലാം കഴിഞ്ഞ് നമുക്ക് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാം,’ മോഡ്രിച്ച് പറഞ്ഞു.

അതേസമയം 2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

Content Highlights: Luka Modric refused the offer from Al Hilal