സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയിന്‍ മിഡ് ഫീല്‍ഡര്‍ കസമീറോ മാഞ്ചസ്റ്ററിലേക്ക് ചേക്കേറിയത്.
റയലിനൊപ്പം നീണ്ട ഏഴ് വര്‍ഷത്തെ കളി മതിയാക്കിയാണ് താരം റെഡ് ഡെവിള്‍സിനൊപ്പം ചേരുന്നത്. ബാഴ്സയില്‍ നിന്നും ഫ്രാങ്കി ഡി യോങ്ങിനെ ടീമിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മാഞ്ചസ്റ്റര്‍ കസമിറോയെ ടീമിലെത്തിച്ചത്.
60 ദശലക്ഷം പൗണ്ടിനാണ് താരം മാഞ്ചസ്റ്ററുമായി കൈകോര്‍ക്കുന്നത്. മധ്യനിരയിലെയും പ്രതിരോധത്തിലെയും പോരായ്മകളും പിഴവുകളും കസമിറോ എത്തുന്നതോടെ അവസാനിക്കുമെന്നാണ് ടീം കരുതുന്നത്.
എന്നാല്‍ കസമീറോയുടെ പോക്ക് റയലിന് ഒരുപാട് നഷ്ടങ്ങള്‍ സൃഷ്ടിക്കും. ഒരുപാട് വര്‍ഷങ്ങള്‍ ടീമില്‍ ചിലവഴിച്ച താരം മിഡ്ഫീല്‍ഡില്‍ ഒഴിവാക്കാന്‍ പറ്റാത്ത താരമായിരുന്നു. റയലിന്റെ ക്രൊയേഷ്യന്‍ ഇതിഹാസ താരമായ ലൂക്കാ മോഡ്രിച്ചുമായും, ജര്‍മന്‍ സ്‌നൈപ്പറായ ടോണി ക്രൂസുമായും മികച്ച പാര്‍ട്ണര്‍ഷിപ്പാണ് അദ്ദേഹം മിഡ്ഫീല്‍ഡില്‍ സൃഷ്ടിച്ചത്.
കസമീറോ ടീമില്‍ നിന്നും പോകുന്നതില്‍ നിരാശയുണ്ടെന്നാണ് മോഡ്രിച്ച് പറയുന്നത്. ടീം മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ടീം വിട്ടതില്‍ നാണക്കേടുണ്ടെന്നും മോഡ്രിച്ച് പറഞ്ഞു.
‘കസമിറോയുടെ കാര്യം ലജ്ജാകരമാണ്, ഞങ്ങള്‍ അവനോടൊപ്പം ചരിത്രം സൃഷ്ടിച്ചു. അവന്‍ ഞങ്ങള്‍ക്ക് ഒരു അടിസ്ഥാന ഘടകമായിരുന്നു, ഒരു ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഞങ്ങള്‍ക്ക് അവനെ നഷ്ടമാകും. പക്ഷേ അവന്‍ ഫുട്‌ബോളിന്റെ ഭാഗമാണ്, നമ്മള്‍ ഓരോരുത്തരും അവന്‍ ടീമില്‍ ചെയ്ത കാര്യങ്ങള്‍ ഇനി കൂടുതല്‍ ചെയ്യേണ്ടിവരും,’ മോഡ്രിച്ച് പറഞ്ഞു.