| Monday, 5th June 2023, 11:31 pm

'നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍'; സൂപ്പര്‍താരത്തെ കുറിച്ച് ലൂക്ക മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരിലൊരാള്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് ആണെന്ന് ലൂക്ക മോഡ്രിച്ച്. കഴിഞ്ഞ ദിവസം ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സലോണ ക്ലബ്ബില്‍ നിന്ന് വിടവാങ്ങിയിരുന്നു. താരത്തിന് ആശംസയറിക്കുമ്പോഴാണ് മോഡ്രിച്ച് ഇക്കാര്യം പങ്കുവെച്ചത്.

‘ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ബുസ്‌ക്വെറ്റ്സ്. ഒരുപാട് സന്തോഷം തോന്നുന്നു,’ മോഡ്രിച്ച് ട്വീറ്റ് ചെയ്തു.

മോഡ്രിച്ചും ബുസ്‌ക്വെറ്റ്സും 33 തവണ ക്ലബ്ബ് ഫുട്ബോളില്‍ പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ട്. ഈ സീസണില്‍ അഞ്ച് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ലയണല്‍ മെസി ബാഴ്‌സയിലുണ്ടായിരുന്ന സമയത്ത് ക്ലബ്ബിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ബുസ്‌ക്വെറ്റ്‌സ്. താരത്തിന്റെ വിടവാങ്ങല്‍ ടീം ബ്ലൂഗ്രാനയുടെ മധ്യ നിരയുടെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

അതേസമയം, ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ ആദ്യം. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരില്‍ രണ്ടാമത്തെയാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടത്. ബുസ്‌ക്വെറ്റ്‌സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.

അതേസമയം, ലാ ലിഗയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി. വിഗോയ്ക്കായി ഗാബ്രി വെയ്ഗ രണ്ട് തവണ വല കുലുക്കിയപ്പോള്‍ അന്‍സു ഫാറ്റിയാണ് ബാഴ്‌സക്കായി ആശ്വാസ ഗോള്‍ നേടിയത്.

ലാ ലിഗയില്‍ ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 28 ജയവും നാല് തോല്‍വിയുമായി 88 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 23 ജയവും ആറ് തോല്‍വിയുമായി 10 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

ജൂണ്‍ ആറിന് വിസല്‍ കോബക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Luka Modric praises Sergio Busquets

We use cookies to give you the best possible experience. Learn more