തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാര്? അഭിപ്രായം പങ്കുവെച്ച് മോഡ്രിച്ച്
Football
തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാര്? അഭിപ്രായം പങ്കുവെച്ച് മോഡ്രിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th August 2023, 3:22 pm

ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ളയാളാണ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ച്. കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരമെന്നാണ് മോഡ്രിച്ച് അഭിപ്രായപ്പെട്ടത്.

റൊണാള്‍ഡോയില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ജോലിയിലുള്ള ആത്മാര്‍ത്ഥതയാണെന്നും അദ്ദേഹം കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നയാളാണെന്നും അതാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും മോഡ്രിച്ച് പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരവും നിലവില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുമായ റിയോ ഫേര്‍ഡിനന്റിനോടാണ് മോഡ്രിച്ച് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ്. അദ്ദേഹം എപ്പോഴും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കും. ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും സന്തുഷ്ടനായിരിക്കില്ല. അത് നല്ല രസമുള്ള കാര്യമാണ്. സ്‌കോറിങ്ങിന്റെ കാര്യത്തിലെ നിര്‍ബന്ധിത ബുദ്ധിയും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്,’ മോഡ്രിച് പറഞ്ഞു.

ഇതാദ്യമായല്ല മോഡ്രിച്ച് റോണോയെ പ്രശംസിച്ച് സംസാരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമാണെന്നും മോഡ്രിച്ച് നേരത്തെ പറഞ്ഞിരുന്നു.

റോണോ മികച്ച താരമാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും റയല്‍ മാഡ്രിഡില്‍ ഉണ്ടായിട്ടുള്ള സമയം കൊണ്ട് അദ്ദേഹം ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെന്നും മോഡ്രിച് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. കളത്തിനകത്തും പുറത്തും റോണോ മികച്ച ലീഡറാണെന്നും അദ്ദേഹത്തോടൊപ്പം കളം പങ്കുവെക്കാനായത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

മോഡ്രിച്ചും റൊണാള്‍ഡോയും റയല്‍ മാഡ്രിഡില്‍ ഒരുപാട് സീസണ്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. പിന്നീട് 2018ല്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറി. മോഡ്രിച് നിലവില്‍ റയല്‍ മാഡ്രിഡിലാണ് ബൂട്ടുകെട്ടുന്നത്.

അതേസമയം, കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് സൗദി പ്രോ ലീഗില്‍ കാഴ്ചവെക്കുന്നത്. റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസര്‍ ചരിത്രത്തിലാദ്യമായി അറബ് കപ്പ് ജേതാക്കളായി.

Content Highlights: Luka Modric praises Cristiano Ronaldo