ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ മികച്ച താരമായി ലയണല്‍ മെസിയെ തെരഞ്ഞെടുത്ത് ലൂക്ക മോഡ്രിച്ച്. ഖത്തര്‍ ലോകകപ്പിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് മോഡ്രിച്ച് മെസിയാണ് മികച്ച താരമെന്ന് അഭിപ്രായപ്പെട്ടത്.
മെസി ലോകകപ്പ് നേടുമെന്ന് തനിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച താരമെന്നും മോഡ്രിച്ച് പറഞ്ഞു. ഓരോ മത്സരത്തിലും മെസിയുടെ നിലവാരവും മികവും പ്രകടമാകാറുണ്ടെന്നും ഖത്തര്‍ ലോകകപ്പിലും അതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദ സണ്ണിനാടാണ് മോഡ്രിച്ച് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ലയണല്‍ മെസി ലോകകപ്പ് നേടുമെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹം അതര്‍ഹിക്കുന്നുണ്ട്. അദ്ദേഹം കളിക്കുന്ന ഓരോ മത്സരത്തിലും താരം തന്റെ കഴിവും മികവും പ്രകടമാക്കാറുണ്ട്. ഖത്തറിലും അതുതന്നെയാണ് സംഭവിച്ചത്,’ മോഡ്രിച്ച് പറഞ്ഞു.
അതേസമയം, റൊണാള്‍ഡോയില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ജോലിയിലെ ആത്മാര്‍ത്ഥതയാണെന്നും അദ്ദേഹം കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും മോഡ്രിച് പറഞ്ഞു. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമാണെന്നും മോഡ്രിച് നേരത്തെ പറഞ്ഞിരുന്നു.
കളത്തിനകത്തും പുറത്തും റോണോ മികച്ച ലീഡറാണെന്നും അദ്ദേഹത്തോടൊപ്പം കളം പങ്കുവെക്കാനായത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മോഡ്രിച് കൂട്ടിച്ചേര്‍ത്തു.
മോഡ്രിച്ചും റൊണാള്‍ഡോയും റയല്‍ മാഡ്രിഡില്‍ ഒരുപാട് സീസണ്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. പിന്നീട് 2018ല്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുകയും തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി സൈനിങ് നടത്തുകയും ചെയ്തു. നിലവില്‍ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടിയും മോഡ്രിച് റയല്‍ മാഡ്രിഡിന് വേണ്ടിയുമാണ് ബൂട്ടുകെട്ടുന്നത്.