| Monday, 12th December 2022, 4:49 pm

അര്‍ജന്റീനക്കായി കാത്തിരിക്കുകയാണ്, തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല: ലൂക്കാ മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ടീമുകള്‍ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബര്‍ 14ന് നടക്കുന്ന ആദ്യ സെമി പോരാട്ടത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ നേരിടും.

മികച്ച ഫോമിലാണ് ക്രൊയേഷ്യന്‍ താരങ്ങള്‍ ഖത്തറില്‍ തുടരുന്നത്. കരുത്തരായ ബ്രസീലിയന്‍ പടയെ തകര്‍ത്തു കൊണ്ടാണ് ലൂക്കാ മോഡ്രിച്ചും സംഘവും ക്വാര്‍ട്ടര്‍ മറികടന്നത്. ആവേശവും ആത്മവിശ്വാസവും ഒട്ടും ചോര്‍ന്നിട്ടില്ലെന്നും അര്‍ജന്റീനയെ നേരിടാനുള്ള കാത്തിരിപ്പിലാണെന്നുമാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞത്.

‘എനിക്കിനിയും അര്‍ജന്റീനക്കായി കാത്തിരിക്കാനാവില്ല. മെസി മികച്ച താരമാണെന്ന് അറിയാം. അദ്ദേഹത്തെ തോല്‍പ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഞങ്ങള്‍ ഏറ്റുമുട്ടാന്‍ തയ്യാറാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഫൈനലിലേക്ക് കടക്കാനാകുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ,’ മോഡ്രിച്ച് വ്യക്തമാക്കി.

റയല്‍ മാഡ്രിഡിന്റെ ഡി.എന്‍.എ തന്നെയാണ് ക്രൊയേഷ്യന്‍ ടീമിലെന്നും അതുകൊണ്ട് അവസാന നിമിഷം വരെ ലക്ഷ്യം കൈവിടാതെ മുന്നേറുമെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ തൂടര്‍ച്ചയായ രണ്ടാം സെമി ഫൈനല്‍ പ്രവേശനമാണിത്. ക്വാര്‍ട്ടറില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിനെ ക്രൊയേഷ്യ തകര്‍ത്തത്. ഇതോടെ ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടാത്ത ടീമെന്ന തങ്ങളുടെ റെക്കോഡ് ഒന്നുകൂടെ ഊട്ടിയുറപ്പിക്കുകയാണ് ക്രൊയേഷ്യ.

നാല് തവണയാണ് ക്രൊയേഷ്യ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജില്‍ പെനാല്‍ട്ടിയില്‍ രക്ഷപ്പെടുന്നത്. ഫൈനലിസ്റ്റുകളായ 2018ലെ ലോകകപ്പിലും ഖത്തര്‍ ലോകകപ്പിലുമാണ്‍ ഈ നാല് ഷൂട്ടൗട്ടുകളും നടന്നത്.

2018ല്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയേയും ഷൂട്ടൗട്ടിലൂടെയായിരുന്നു കൊയേഷ്യ മറികടന്നത്. തുടര്‍ന്ന് സെമിയില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയെങ്കിലും ഫ്രാന്‍സിനോട് 4-2ന് പരാജയപ്പെടുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിലും പ്രീക്വര്‍ട്ടറില്‍ ജപ്പാനെ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ബ്രസീലിനെയും ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് പുറത്താക്കിയിരിക്കുന്നത്.

Content Highlights: Luka Modric, Lionel Messi, Croatia, Argentina, Qatar World Cup

We use cookies to give you the best possible experience. Learn more