| Wednesday, 22nd March 2023, 11:14 am

ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡ് വിടുന്നു; കാരണം മെസിയുടേതിന് സമാനം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡ് വിടുന്നെന്ന് റിപ്പോര്‍ട്ട്. ലയണല്‍ മെസി ബാഴ്‌സലോണ വിടാനുണ്ടായ സമാന കാരണത്താലാണ് മോഡ്രിച് ക്ലബ്ബ് വിടുന്നതെന്ന് സ്പാനിഷ് ഔട്‌ലെറ്റായ എല്‍ നാഷണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സലോണക്ക് മെസിയുടെ കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനാലാണ് രണ്ട് വര്‍ഷം മുമ്പ് താരം ക്യാമ്പ് നൗവിന്റെ പടിയിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ബാഴ്‌സ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു. റയലില്‍ മോഡ്രിചിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. മോഡ്രിച്ചുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ വരുന്ന ട്രാന്‍സ്ഫര്‍ സീസണില്‍ റിലീസ് ചെയ്യാനാണ് റയലിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് പകരം ജൂഡ് ബെല്ലിങ്ഹാമിനെ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം 2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കുകയായിരുന്നു. ബ്ലൂഗ്രാനക്കായി സെര്‍ജി റോബേര്‍ട്ടോയും ഫ്രാങ്ക് കെസിയും വലകുലുക്കിയപ്പോള്‍ റയലിനായി റൊണാള്‍ഡ് അരൗഹോയാണ് ആശ്വാസ ഗോള്‍ നേടിയത്.

ഏപ്രില്‍ രണ്ടിന് വല്ലഡോലിഡിനെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Luka Modric leaves Real Madrid on this summer transfer

We use cookies to give you the best possible experience. Learn more