| Thursday, 15th June 2023, 1:27 pm

എന്റെ ഭാവിയേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് മറ്റൊന്നിന്; തുറന്നുപറഞ്ഞ് മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രൊയേഷ്യക്കായി യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നായകന്‍ ലൂക്കാ മോഡ്രിച്ച്. ടീമിലെ തന്റെ ഭാവിയേക്കാള്‍ താന്‍ പ്രാധാന്യം കല്‍പിക്കുന്നത് ഞായറാഴ്ച നടക്കുന്ന ഫൈനലിനാണെന്നും മോഡ്രിച്ച് പറഞ്ഞു.

യുവേഫ നേഷന്‍സ് ലീഗിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് മോഡ്രിച്ച് ഇക്കാര്യം പറഞ്ഞത്.

‘ക്രൊയേഷ്യന്‍ ടീമില്‍ എന്റെ ഭാവിയെക്കുറിച്ച് നമുക്ക് നോക്കാം, എന്നാല്‍ നിലവില്‍ അതെന്റെ വിഷയമല്ല. അതിനേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിനാണ് ഞാനിപ്പോള്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നത്.

ആ മത്സരം ആര്‍ക്കെതിരെ കളിക്കേണ്ടിവരും, സ്‌പെയ്‌നിനെതിരെയോ ഇറ്റലിക്കെതിരെയോ എന്നാണ് ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്നത്. എല്ലാത്തിനേക്കാളുമുപരി ഞങ്ങള്‍ക്ക് പലതും സ്വയം തെളിയിക്കേണ്ടതായുണ്ട്. മികച്ച റിസള്‍ട്ട് ഉണ്ടാകണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇന്ന് ഞങ്ങള്‍ പുറത്തെടുത്ത അതേ മികവ് ഫൈനല്‍ മത്സരത്തിലും പുറത്തെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ മോഡ്രിച്ച് പറഞ്ഞു.

സെമി ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ ഇരുടീമും സമനില പാലിച്ചപ്പോള്‍ അധിക സമയത്താണ് ക്രൊയേഷ്യ വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ 34ാം മിനിറ്റില്‍ ഡോനിയല്‍ മലെനിലൂടെ നെതര്‍ലന്‍ഡ്‌സാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആ ലീഡ് സംരക്ഷിക്കാനും അവര്‍ക്കായി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് പത്താം മിനിട്ടില്‍ ക്രൊയേഷ്യ ഒപ്പമെത്തി. ക്രാമറിച്ചിന്റെ പെനാല്‍ട്ടിയാണ് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്.

തുടര്‍ന്ന് 72ാം മിനിട്ടില്‍ മാരിയോ പാസലിച്ചിന്റെ ഗോളിലൂടെ മുമ്പില്‍ കയറിയ ക്രൊയേഷ്യ അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തിയെങ്കിലും ആഡ് ഓണ്‍ സമയത്ത് നോവ ലാങ് നെതര്‍ലന്‍ഡ്‌സിനെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. 98ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ ഗോളിലൂടെ ലീഡ് നേടിയ ക്രൊയേഷ്യ 116ാം മിനിട്ടില്‍ ലൂക്കാ മോഡ്രിച്ചിന്റെ പെനാല്‍ട്ടി ഗോളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു.

നാളെ പുലര്‍ച്ചെ 12.15നാണ് രണ്ടാം സെമി ഫൈനല്‍ മത്സരം. രണ്ടാം സെമിയില്‍ സ്‌പെയ്ന്‍ ഇറ്റലിയെ നേരിടും.

Content Highlight: Luka Modric about UEFA Nation’s League final

We use cookies to give you the best possible experience. Learn more