| Wednesday, 16th October 2024, 9:23 pm

ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരേയൊരു കാര്യം അതാണ്; തകര്‍പ്പന്‍ വിജയത്തിന് ബ്രസീല്‍ താരം ലൂയിസ് ഹെന്റിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന (ബുധന്‍) ഫുട്‌ബോള്‍ ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ബ്രസീല്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറിപ്പട പരാജയപ്പെടുത്തിയത്.

മത്സരത്തിലെ 38ാം മിനിട്ടില്‍ റാഫീഞ്ഞയുടെ പെനാള്‍റ്റിയില്‍ ബ്രസീല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 54ാം മിനിട്ടിലും പെനാള്‍റ്റിയിലൂടെ താരം രണ്ടാം ഗോളും സ്വന്തമാക്കി.

പിന്നീട് ആന്‍ഡ്രീസ് പെരേരിയ 71ാം മിനിട്ടില്‍ മിന്നും ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയപ്പോള്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ലൂയിസ് ഹെന്‌റിക്കും തകര്‍പ്പന്‍ ഗോള്‍ നേടി. മാത്രമല്ല ഒരു അസിസ്റ്റ് ഗോള്‍ നേടാനും താരത്തിന് സാധിച്ചു. മത്സരത്തിന് ശേഷം ലൂയിസ് ഹെന്റിക്ക് ബ്രസീലിന്റെ വിജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘ഞങ്ങള്‍ക്ക് ഈ വിജയം ആവശ്യമുണ്ടായിരുന്നു. കാരണം ഞങ്ങള്‍ അത്രയേറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇവിടെയുള്ള എല്ലാവരും വളരെയധികം ഡെഡിക്കേറ്റഡ് ആണ്. വിജയം മാത്രമാണ് ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം. വിജയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഹാര്‍ഡ് വര്‍ക്ക് തന്നെയാണ്,

ഒരു ഗോളും ഒരു അസിസ്റ്റും നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇന്നത്തെ മത്സരം വളരെയധികം ബുദ്ധിമുട്ടാകുമായിരുന്നു. പക്ഷേ ആരാധകരുടെ പിന്തുണ കാര്യങ്ങളെ എളുപ്പമാക്കി തന്നു,’ലൂയിസ് ഹെന്റിക്കെ പറഞ്ഞു.

ബ്രസീലിന്റെ അടുത്ത മത്സരം വെനിസ്വേലയോടാണ്. നവംബര്‍ 15ന് എസ്റ്റാഡിയോ മനുമെന്റല്‍ ഡി മാട്ടറിലാണ് മത്സരം. നിലവില്‍ ക്വാളിഫയര്‍ പട്ടികയിസല്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയാണ്. 10 മത്സരത്തില്‍ ഏഴ് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 22 പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്.

19 പോയിന്റുമായി രണ്ടാമത് കൊളംബിയയാണുള്ളത്. മൂന്നാമതായി ഉറുഗ്വേയും നാലാമതായി ബ്രസീലുമാണുള്ളത്. ബ്രസീലിന് 10 മത്സരത്തില്‍ നിന്ന് അഞ്ച് വിജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. നാല് തോല്‍വിയും ഒരു സമനിലയും വഴങ്ങിയ ടീമിന് 16 പോയിന്റാണുള്ളത്.

Content Highlight: Luiz Henrique Talking About Brazil Win Against Peru

Video Stories

We use cookies to give you the best possible experience. Learn more