| Tuesday, 7th February 2023, 1:56 pm

റൊണാള്‍ഡോ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി; അല്‍ നസര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളിലും തുടര്‍ന്ന് അല്‍ നസറിലെത്തിയതിന് ശേഷവും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുന്നില്ലെന്നും പ്രായക്കൂടുതല്‍ കൊണ്ട് ഫോം ഔട്ട് ആയെന്നും പറഞ്ഞ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ക്ലബ്ബ് ഫുട്ബോളില്‍ നിരവധി ടൈറ്റിലുകളും സ്വന്തമാക്കിയ താരം കഴിഞ്ഞ ജനുവരിയിലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്.

എന്നാല്‍ അവിടെയെത്തിയിട്ടും താരത്തിന് മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ലീഗില്‍ അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. സൗദി സൂപ്പര്‍ കപ്പിലെ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയ അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെയാണ് റോണോക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയായിരുന്നു.

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്റില്‍ ലഭിച്ചിരിക്കുന്നത്. അല്‍ നസറിന്റെ കോച്ച് റൂഡി ഗാര്‍ഷ്യ അടക്കം താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ റൊണാള്‍ഡോയെ കുറിച്ച് തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് അല്‍ നസറിന്റെ ബ്രസീലിയന്‍ താരം ലൂയിസ് ഗുസ്താവോ. റൊണാള്‍ഡോയുടെ സാന്നിധ്യം ടീമില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും എല്ലാ ടീമുകളും റൊണാള്‍ഡോക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ഗുസ്താവോ പറഞ്ഞു.

‘റൊണാള്‍ഡോയുടെ സാന്നിധ്യം ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കിയെന്നത് സത്യസന്ധമായ കാര്യമാണ്. എല്ലാ ടീമുകളും താരത്തിനെതിരെ ഏറ്റവും മികച്ച രീതിയില്‍ തന്നെ തയ്യാറെടുക്കാന്‍ ശ്രമിക്കും. താരം എതിര്‍ടീമിലുള്ളത് അവര്‍ക്ക് കൂടുതല്‍ മികച്ച പ്രകടനം നടത്താനുള്ള പ്രചോദനവും നല്‍കും,’ ഗുസ്താവോ പറഞ്ഞു.

അല്‍ നസറിലെത്തി ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ പതറിപ്പോയ താരം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മത്സരങ്ങളില്‍ സുവര്‍ണാവസരങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താരത്തിന്റെ ഗംഭീര തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlights: Luiz Gustavo about Cristiano Ronaldo

We use cookies to give you the best possible experience. Learn more