| Thursday, 22nd June 2023, 8:38 am

മെസിക്കൊപ്പം ഇന്റര്‍ മിയാമിയില്‍ ബൂട്ടണിയണമെന്ന ആഗ്രഹം ബാക്കി; സൂപ്പര്‍താരം വിരമിക്കാനൊരുങ്ങുന്നു; ഞെട്ടലോടെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസ്. ലിവര്‍പൂളിലും ബാഴ്‌സലോണയിലും അത്‌ലെറ്റികോ മാഡ്രിഡിലും ബൂട്ടുകെട്ടിയ താരം നിലവില്‍ ഗ്രേമ്യോ ഫുട്ബോള്‍ പോര്‍ട്ടോ അലെഗ്രന്‍സിന് വേണ്ടിയാണ് കളിക്കുന്നത്.

അടുത്ത സീസണില്‍ ലയണല്‍ മെസിക്കൊപ്പം അമേരിക്കന്‍ ലീഗില്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനുള്ള താല്‍പര്യം സുവാരസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മെസി ഇന്‍ര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ സുവാരസിന്റെ കാര്യത്തിലും പ്രതീക്ഷ ചെലുത്തിയിരുന്നു. ബാഴ്‌സലോണയിലെ സുവര്‍ണ കാലഘട്ടം ഇരുവരും ഇന്റര്‍ മിയാമിയില്‍ തീര്‍ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

എന്നാല്‍ സുവാരസ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ശാശ്വതമായി മുക്തനാകാത്തതിനാലാണ് 36കാരനായ താരം ഈ തീരുമാനമെടുത്തതെന്നും കളി മതിയാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രെമ്യോയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോര്‍ട് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യത്തിന്റെ ഭാഗമായിരുന്നു ലയണല്‍ മെസിയും ലൂയിസ് സുവാരസും. ഇരുവരും വളരെയടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ബാഴ്‌സലണോയുടെ സുവര്‍ണകാലഘട്ടത്തില്‍ മെസിയുടെ കൂടെ തന്നെയുണ്ടായിരുന്ന പ്രധാന താരമാണ് സുവാരസ്.

സുവാരസ് എത്തിയതിന് ശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ബാഴ്സലോണ നേടിയ 70 ശതമാനം ഗോളുകളിലും ഇവര്‍ രണ്ട് പേരിലൊരാള്‍ പങ്കു വഹിച്ചിട്ടുണ്ട്. 2020നായിരുന്നു സുവാരസ് ബാഴ്‌സ വിട്ടത്. പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കൊ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.

Content Highlights: Luis Suarez will retire from football

We use cookies to give you the best possible experience. Learn more