ബാഴ്സലോണയില്‍ കളിച്ചിരുന്ന സമയങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഉറുഗ്വായ്ന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ്. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പവും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനൊപ്പമുള്ള കളിക്കളത്തിലെ കാര്യങ്ങളെകുറിച്ചാണ് സുവാരസ് പറഞ്ഞത്.
ലൂയിസ് എന്റിക്വെയുടെ കീഴില്‍ ബാഴ്സലോണയില്‍ ഒമ്പതാം നമ്പര്‍ സ്ഥാനത്ത് കളിക്കാന്‍ മെസി തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സുവാരസ് വെളിപ്പെടുത്തിയത്. ഇതാണ് ഫുട്‌ബോളില്‍ പിന്നീട് എം.എസ്.എന്‍ കോമ്പിനേഷന്‍ ആയി മാറുകയായിരുന്നു.
‘അജാക്‌സിനെതിരായ മത്സരത്തില്‍ മെസി ഒമ്പതാം നമ്പറില്‍ കളിക്കണമെന്ന് ലൂയിസ് എന്റിക്ക് ആഗ്രഹിച്ചു. കാരണം മെസി ആ സ്ഥാനത്തേക്ക് പരിചിതനായിരുന്നു, നെയ്മറും ഞാനും രണ്ട് വിങ്ങുകളില്‍ കളിച്ചു. പക്ഷേ ഇത് കൃത്യമായി ഫലിച്ചിരുന്നില്ല. ആ സമയത്ത് മെസി എന്നോട് ഒമ്പതാം നമ്പറില്‍ കളിക്കാന്‍ പറഞ്ഞു. അതായിരിന്നു എം.എന്‍.എസ്സിന് തുടക്കം,’ സുവാരസ് ബാര്‍സ യൂണിവേഴ്‌സലിലൂടെ പറഞ്ഞു.
ലയണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവരുടെ ആക്രമണ ത്രയം 2014 മുതല്‍ 2016 വരെ ഫുട്‌ബോള്‍ ലോകത്ത് വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 2014-15 സീസണില്‍ ലൂയിസ് എന്റിക്വെയുടെ നേതൃത്വത്തില്‍ ബാഴ്സ ട്രെബിള്‍ കിരീടം നേടി. എം.എസ്.എന്‍ കോമ്പോയിലൂടെയായിരുന്നു ബാഴ്സ ഈ നേട്ടം സ്വന്തമാക്കിയത്. മൂവരും ചേര്‍ന്ന് 363 ഗോളുകളും 272 അസിസ്റ്റുകളുമാണ് കറ്റാലന്‍മാര്‍ക്കായി നേടിയത്.
നെയ്മര്‍ 2017ലാണ് ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് പോയത്. ലൂയി സുവാരസ് 2020ലാണ് ബാഴ്സയില്‍ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത്.
അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 2021ലാണ് ബാഴ്‌സലോണയിലെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് പി.എസ്.ജിയിലേക്ക് പോയത്. ഇതോടുകൂടിയാണ് ബാഴ്‌സലോണയിലെ ആ പഴയ കൂട്ടുകെട്ട് ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായത്.
നിലവില്‍ മെസിയും സുവാരസും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ വീണ്ടും ഒന്നിക്കാന്‍ സാധ്യതകളുണ്ട്.
Content Highlight: Luis suarez talks about M.S.N compination in Barcelona.