Advertisement
Sports News
അവന്‍ മെസിക്കൊപ്പം തന്നെ... ഇന്റര്‍ മയാമിക്കൊപ്പം കരാര്‍ നീട്ടി തീപ്പൊരി സ്‌ട്രൈക്കര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 28, 11:19 am
Thursday, 28th November 2024, 4:49 pm

ഇന്റര്‍ മയാമി ആരാധകര്‍ക്ക് ആശ്വസിക്കാം. ലൂയിസ് സുവാരസ് വരാനിരിക്കുന്ന സീസണില്‍ ഇന്റര്‍ മയാമിക്കും മെസിക്കുമൊപ്പം തുടരും. 2024ലെ മികച്ച ക്യാമ്പയിനുശേഷം മേജര്‍ ലീഗ് സോക്കറിലെ ( എം.എല്‍.എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സുവാരസ് ഒരു വര്‍ഷത്തെ കരാറില്‍ കൂടി ഒപ്പുവെച്ചു.

‘ഒരു വര്‍ഷം കൂടി ഇന്റര്‍ മയാമിയില്‍ തുടരുന്നതിലും ഈ ആരാധകരുടെ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ സന്തോഷമുണ്ട്, അതിലുപരി വളരെ ആവേശവുമുണ്ട്, ഇത് ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്,’ സുവാരസ് പറഞ്ഞു.

എം.എല്‍.എസ് ഈ സീസണില്‍ ഇന്റര്‍ മയാമിയെ റെഗുലര്‍ പോയിന്റ് റെക്കോഡിലെത്തിക്കാനും, 2024ലെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് നേടുന്നതിലും സുവാരസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2023 ഡിസംബറില്‍ ഗ്രാമയോമിയുമായുള്ള കരാറിനുശേഷമാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുവാരസ് തന്റെ സഹതാരമായ മെസിയുടെ ഇന്റര്‍ മയാമിയിയെത്തിയത്. ഇന്റര്‍ മയാമിക്കുവേണ്ടി ഈ സീസണില്‍ 20 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

കഴിഞ്ഞ നാല് ലോകകപ്പ് മത്സരങ്ങളിലും സുവാരസ് ഉറുഗ്വായ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതിന് പുറമെ മറ്റ് ക്ലബ്ബുകളായ ലിവര്‍പൂളിനും അത്‌ലറ്റിക്കോ മാഡ്രിഡിനും വേണ്ടി താരം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

സുവാരസിന്റെ വേതനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്റര്‍ മയാമിക്കൊപ്പമുള്ള ആദ്യ സീസണില്‍ സുവാരസ് 1.5 മില്യണ്‍ ഡോളര്‍ ഇതുവരെ സമ്പാദിച്ചു കഴിഞ്ഞു. അതില്‍ ഉറുഗ്വായ് സ്ട്രൈക്കര്‍ 20 ഗോളുകള്‍ നേടി.

മേജര്‍ ലീഗില്‍ 25 ഗോളുകള്‍ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അറ്റ്ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ട് പ്ലേ ഓഫില്‍ കടക്കാതെ ഇന്റര്‍ മയാമി സീസണില്‍ പുറത്തായിരുന്നു.

37 കാരനായ സുവാരസ് മയാമിയില്‍ തന്റെ അടുത്ത അധ്യായം ആരംഭിക്കുമ്പോള്‍ താരത്തിന്റെ ഫുട്ബോള്‍ റെക്കോഡുകള്‍ ഇനിയും ഉയരുമെന്നുതന്നെ പ്രതീക്ഷിക്കാം. ലയണല്‍ മെസിയുമായി വീണ്ടും ഒന്നിക്കുകയും, മുന്‍ ബാഴ്സ താരവും മയാമിയുടെ പുതിയ മാനേജരുമായ ഹാവിയര്‍ മഷറാനോയുടെ സഹകരണം കൂടി ലഭിക്കുമ്പോള്‍ ഇന്റര്‍ മയാമി കൂടുതല്‍ ശക്തിയിലാകും.

 

Content Highlight: Luis Suarez signs contract extension with Inter Miami