Advertisement
Football
പ്രായം കൂടും തോറും വീര്യം കൂടും; വെറും 19 മിനിട്ടില്‍ ഹാട്രിക്കുമായി സുവാരസ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 11, 02:34 am
Saturday, 11th November 2023, 8:04 am

സിരി എ സെക്കന്റ് ലീഗില്‍ നടന്ന മത്സരത്തില്‍ ഗ്രമിയോ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബൊട്ടാഫോഗയെ തോല്‍പ്പിച്ചു. മത്സരത്തില്‍ ഉറുഗ്വാന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

വെറും 19 മിനിട്ടുകള്‍കൊണ്ട് ഹാട്രിക് നേടിയ സുവാരസിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. തന്റെ 36 വയസിലും തളരാത്ത പോരാട്ട വീര്യമാണ് ഈ ഉറുഗ്വാന്‍ താരം കാഴ്ചവെക്കുന്നത്.

മത്സരത്തില്‍ 50′, 53′, 60 മിനിട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍ പിറന്നത്. എതിര്‍ പോസ്റ്റിലേക്ക് പായിച്ച അഞ്ച് ഷോട്ടുകളില്‍ മൂന്നും ഗോളാക്കി മാറ്റാന്‍ സുവാരസിന് സാധിച്ചു. ഈ സീസണില്‍ 29 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് സുവാരസിന്റെ അക്കൗണ്ടിലുള്ളത്.\

ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ താരം എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.

എസ്റ്റാഡിയാ ജാവോ ജനുഅരിയോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടില്‍ കോസ്റ്റയിലൂടെയാണ് ബൊട്ടാഫോഗ മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ മാത്രമേ ആ ഗോളിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. ഒന്‍പതാം മിനിട്ടില്‍ എവര്‍ട്ടനിലൂടെ ഗ്രമിയൊ തിരിച്ചടിച്ചു.

29ാം മിനിട്ടില്‍ ജൂനിയര്‍ സാന്റോസിലൂടെ ബൊട്ട്‌ഫോഗ വീണ്ടും മുന്നിലെത്തി.

46ാം മിനിട്ടില്‍ ഫ്രഇറ്റാസ് വീണ്ടും ഗോള്‍ നേടിയതോടെ മൂന്ന് ഗോളുകള്‍ക്ക് ബൊട്ട്‌ഫോഗ മുന്നിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നുമാണ് സുവാരസ് ഹാട്രിക് നേടിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുന്നത്.

അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഗ്രമിയോ 4-3ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 33 മത്സരങ്ങളില്‍ നിന്നും 59 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സുവാരസും കൂട്ടരും.

Content Highlight: Luis suarez scored hatric just 19 minutes.