ഉറുഗ്വായ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഉറുഗ്വായ്ന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളില്‍ ഒരാളാണ് സുവാരസ്.
2026 ലോകകപ്പ് യോഗ്യതയില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിലായിരിക്കും അവസാനമായി സുവാരസ് ഉറുഗ്വായ് ജേഴ്‌സി അണിയുക. സെപ്റ്റംബര്‍ ആറിന് ഉറുഗ്വായുടെ തട്ടകമായ സെന്റിനാരിയോയിലാണ് മത്സരം നടക്കുക.
2007ലാണ് സുവാരസ് ഉറുഗ്വായ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 17 വര്‍ഷക്കാലമുള്ള അവിസ്ണീയമായ ഫുട്‌ബോള്‍ യാത്രക്ക് കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഉറുഗ്വായ്ക്ക് വേണ്ടി 142 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സുവാരസ് 69 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ഉറുഗ്വായെ 2011 കോപ്പ അമേരിക്ക ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സുവാരസ് വഹിച്ചത്.
ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു സുവാരസ് നടത്തിയത്. 2016 കോപ്പ അമേരിക്കയിലെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡും സുവാരസ് സ്വന്തമാക്കിയിരുന്നു.
ഉറുഗ്വായ്ക്കായി നാല് ലോകകപ്പുകളിലാണ് സുവാരസ് ബൂട്ട് കെട്ടിയത്. 2010, 2014, 2018, 2022 എന്നീ വര്‍ഷങ്ങളിലായി നടന്ന ലോകകപ്പുകളിൽ ആയിരുന്നു സുവാരസ് ഉറുഗ്വായ്ക്കായി പന്തുതട്ടിയത്. ഇതോടെ നാലോ അതിലധികമോ തവണ ലോകകപ്പുകളില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും സുവാരസിന് സാധിച്ചു.
ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, പെലെ, മിറോസ്ലാവ് ക്‌ളോസെ എന്നിവരാണ് ഫുട്‌ബോളില്‍ നാലോ അതില്‍ കൂടുതലോ ലോകകപ്പുകളില്‍ കളിച്ച താരങ്ങള്‍.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും താരം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കും. നിലവില്‍ ഈ സീസണില്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടി തകര്‍പ്പന്‍ ഫോമിലാണ് സുവാരസ് കളിക്കുന്നത്.
ഇതിനോടകം തന്നെ 20 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. നിലവില്‍ എം.എല്‍.എസില്‍ 27 മത്സരങ്ങളില്‍ നിന്നും 18 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 59 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.
Content Highlight: Luis Suarez Retired From International Football