അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അടുത്ത സുഹൃത്താണ് ഉറുഗ്വന്‍ താരം ലൂയിസ് സുവാരസ്. 2014നും 2020നും ഇടയില്‍ ബാഴ്സയില്‍ മെസിക്കൊപ്പം താരം കളിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍ക്കൊപ്പം 283 മത്സരങ്ങളില്‍ 198 ഗോള്‍ സുവാരസ് നേടിയിട്ടുണ്ട്
2022 ഡിസംബറിലാണ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബായ പോര്‍ട്ടോ അലെഗ്രെയിലേക്ക് മാറുന്നത്. 24 മത്സരങ്ങളില്‍ നിന്ന് ഗ്രെമിയോക്കായി ഇതുവരെ 11 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പോര്‍ട്ടോ അലെഗ്രെ ടീമില്‍ രണ്ട് വര്‍ഷത്തെ കരാറാണ് സുവാരസിനുള്ളത്.
മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെ സുവാരസും മെസിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയല്ലെന്ന് പറയുകയാണ് ലൂയിസ് സുവാരസിപ്പോള്‍.
‘അത് തെറ്റായ വാര്‍ത്തകളാണ്. അങ്ങനെ ഇപ്പോഴെന്താലും സംഭവിക്കാന്‍ പോകുന്നില്ല,’ സുവാരസ് ഉറുഗ്വന്‍ പത്രമായ എല്‍ ഒബ്‌സര്‍വഡോറിനോട് പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഗ്രെമിയോയില്‍ വളരെ സന്തുഷ്ടനാണെന്നും തനിക്കവിടെ 2024 വരെ കരാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മെസി അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതിയിലുള്ള
ക്ലബ്ബില്‍ ചേരുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് മെസിയെ ഇന്റര്‍ മയാമി സൈന്‍ ചെയ്തിരിക്കുന്നത്.