ലൂയിസ് സുവാരസ് നാഷണല്‍ വിടുന്നു?
Sports News
ലൂയിസ് സുവാരസ് നാഷണല്‍ വിടുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 11:55 pm

വെറ്ററന്‍ സ്ട്രൈക്കറായ ലൂയിസ് സുവാരസ് ഈ വര്‍ഷം അവസാനത്തോടെ നാഷണല്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് മടങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തിന്റെ നിലവിലെ ടീമായ നാഷണലിന്റെ പ്രസിഡന്റാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡിസംബറില്‍ സുവാരസ് ക്ലബ് വിടുമെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. താരത്തിന്റെ കരാര്‍ നീട്ടില്ലെന്നാണ് പ്രസിഡന്റ് ഹോസെ ഫുവന്റസ് പറഞ്ഞിരിക്കുന്നത്. നവംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി സുവാരസ് ക്ലബ് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ ഉറുഗ്വേയിലെ ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് താരം ഒന്നിലേറെ തവണ തന്നെ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നതോടെ ലൂയിസ് സുവാരസ് ക്ലബില്‍ നിന്ന് പുറത്ത് പോകും. ആരാധകര്‍ക്ക് തെറ്റായ പ്രതീക്ഷ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഫുവന്റസ് പറഞ്ഞു.

ജൂലൈയില്‍ ഫ്രീ ഏജന്റായി ക്ലബില്‍ തിരിച്ചെത്തിയതിന് ശേഷം 10 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സുവാരസ് നേടിയിട്ടുണ്ട്. ലിവര്‍പൂള്‍, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാര്‍ക്കൊപ്പം യൂറോപ്പില്‍ മികച്ച കരിയര്‍ പടുത്തുയര്‍ത്തിയ താരം നാല് മാസം മുമ്പാണ് സ്വന്തം നാടായ യൂറുഗ്വായിലേക്ക് മടങ്ങി തന്റെ ബാല്യകാല ക്ലബ്ബായ നാഷണലില്‍ ചേര്‍ന്നത്.

താരം യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചതായും ഒക്ടോബര്‍ അവസാനത്തോടെ നാഷണല്‍ വിടുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2007ലെ അണ്ടര്‍ 20 ലോകകപ്പില്‍ സുവാരസ് ഉറുഗ്വയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2010 ല്‍ ഉറുഗ്വേ സെമിയിലെത്തിയതില്‍ 3 ഗോളുകളുള്‍പ്പെടെ നിര്‍ണായക പങ്കാണ് സുവാരസ് വഹിച്ചത്. തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011 ല്‍ നേടി ഏറ്റവും കൂടൂതല്‍ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോള്‍ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂര്‍ണമെന്റിലെ താരം.