അമേരിക്കൻ ഫുട്ബോളിൽ ചരിത്രമെഴുതി മെസിയും സുവാരസും; ചരിത്രത്തിലെ ആദ്യ ടീമായി ഇന്റർ മയാമി
Football
അമേരിക്കൻ ഫുട്ബോളിൽ ചരിത്രമെഴുതി മെസിയും സുവാരസും; ചരിത്രത്തിലെ ആദ്യ ടീമായി ഇന്റർ മയാമി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 3:55 pm

അര്‍ജന്റന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ഇന്റര്‍ മയാമിക്കൊപ്പമുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയിരുന്നത്.

ഇതോടെ താരം കുറച്ച് കാലത്തേക്ക് ഫുട്‌ബോളില്‍ നിന്നും പുറത്താവുകയായിരുന്നു. മെസിയുടെ അഭാവത്തില്‍ മയാമിയുടെ മുന്നേറ്റനിരയില്‍ ഗോളടിച്ചു കൂട്ടാനുള്ള ഉത്തരവാദിത്വം സൂപ്പര്‍താരം ലൂയി സുവരാസിന്റെ ചുമലിലായിരുന്നു.

മെസിയുടെ അഭാവം കൃത്യമായി മയാമിയുടെ മുന്നേറ്റ നിരയില്‍ നികത്താന്‍ സുവാരസിന് സാധിച്ചിരുന്നു. മേജര്‍ ലീഗിലെ അവസാന മത്സരത്തില്‍ സിന്‍സിനാറ്റിക്കെതിരെ മയാമി 2-0ത്തിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നത്. ഈ മത്സരത്തില്‍ മയാമിക്കായി ഇരട്ടഗോള്‍ നേടിയാണ് സുവാരസ് തിളങ്ങിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തില്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരത്തെ തേടിയെത്തി. മേജര്‍ ലീഗ് സോക്കറിലെ സുവാരസിന്റെ മൂന്നാം പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡായിരുന്നു ഇത്.

ഈ എം.എല്‍.എസ് ക്യാമ്പയ്‌നില്‍ മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കാനും സുവാരസിന് സാധിച്ചു. സൂപ്പര്‍താരം ലയണല്‍ മെസിയും റയല്‍ സാള്‍ട്ട് ലേക്കിന്റെ ക്രിസ്റ്റിയാന്‍ അരാംഗോയുമാണ് ഈ സീസണില്‍ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.

ഇതോടെ മറ്റൊരു ചരിത്രംനേട്ടം കൂടിയാണ് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. മേജര്‍ ലീഗ് സോക്കറിന്റെ ഒരു സീസണില്‍ ഒരു ടീമിലെ രണ്ട് താരങ്ങള്‍ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായാണ്.

നിലവില്‍ എം.എല്‍.എസില്‍ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സുവാരസ് നേടിയത്. വരും മത്സരങ്ങളിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും ഗോളുകൾ പിറക്കുമെന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 26 മത്സരങ്ങളില്‍ നിന്നും 17 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 56 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയാമി. സെപ്റ്റംബര്‍ ഒന്നിനാണ് മയാമി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. സോള്‍ജിയര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിക്കാഗോയെയാണ് മയാമി നേരിടുക.

 

Content Highlight: Luis Suarez Great Peformance in Inter Miami