| Sunday, 14th July 2024, 4:45 pm

സുവാരസിന്റെ ഒറ്റ ഗോളിൽ തകർന്നത് 68 വർഷത്തെ ചരിത്രം; മൂന്നാം സ്ഥാനത്തിനൊപ്പം ചരിത്രനേട്ടവും

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരായി ഉറുഗ്വായ്. കാനഡയെ പെനാല്‍ട്ടിയില്‍ 4-3 എന്ന സ്‌കോര്‍ ലൈനില്‍ വീഴ്ത്തിയാണ് ഉറുഗ്വായ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

സെമിഫൈനലില്‍ കാനഡ അര്‍ജന്റീനക്കെതിരെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു പരാജയപ്പെട്ടിരുന്നത്. മറുഭാഗത്ത് കൊളംബിയയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയായിരുന്നു ഉറുഗ്വായ് തങ്ങളുടെ കോപ്പ അമേരിക്കയിലെ കിരീട പോരാട്ടം അവസാനിപ്പിച്ചത്.

മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടാം മിനിട്ടില്‍ തന്നെ റോഡ്രിഗോ ബെന്റ്‌റാന്‍കുറിലൂടെ ഉറുഗ്വായ് ആണ് ആദ്യം ലീഡ് നേടിയത്.

എന്നാല്‍ 21ാം മിനിട്ടില്‍ ഇസ്മയില്‍ കോനയിലൂടെ കാനഡ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 80ാം മിനിട്ടില്‍ ജോനാഥന്‍ ഡേവിഡിലൂടെ കാനഡ ഗോള്‍ തിരിച്ചടിച്ചുകൊണ്ട് മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കാനഡയുടെ വിജയപ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു കൊണ്ടാണ് സൂപ്പര്‍താരം ലൂയിസ് സുവാരത്തിന്റെ ഗോള്‍ പിറന്നത്. ഈ ഗോളിലൂടെ വീണ്ടും മത്സരത്തില്‍ ഉറുഗ്വായെ ഒപ്പമെത്തിക്കാന്‍ സുവാരസിന് സാധിച്ചു.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് സുവാരസ് സ്വന്തമാക്കിയത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനാണ് ഇന്റര്‍മയാമി താരത്തിന് സാധിച്ചത്. കാനഡയ്‌ക്കെതിരെ 37ാം വയസിലാണ് സുവാരസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് മുന്‍ അര്‍ജന്റീനന്‍ താരമായ ഏഞ്ചല്‍ ലാബ്രൂണ ആയിരുന്നു. 1956ലായിരുന്നു അര്‍ജന്റീനന്‍ താരം ഈ നേട്ടം സ്വന്തമാക്കിയത്. സുവാരത്തിന്റെ ഈ ഗോളോടു കൂടി നീണ്ട 68 വര്‍ഷത്തെ ചരിത്രമാണ് ഉറുഗ്വയ്ന്‍ താരം തിരുത്തി കുറിച്ചത്.

അതേസമയം കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരം നടക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കൊളംബിയയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിനെ പരാജയപ്പെടുത്തി നേടിയ കോപ്പ കിരീടം നിലനിര്‍ത്താന്‍ ആയിരിക്കും മെസിയും സംഘവും കളത്തില്‍ ഇറങ്ങുക. മറുഭാഗത്ത് നീണ്ട 23 വര്‍ഷത്തെ കൊളംബിയന്‍ ജനതയുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനായിരിക്കും ജെയിംസ് റോഡ്രിഗസും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Luis Suarez create a new record in Copa America

We use cookies to give you the best possible experience. Learn more