| Thursday, 27th July 2023, 1:35 pm

മെസിക്കൊപ്പം ഒരിക്കല്‍ കൂടി കളിക്കണമെന്ന ആഗ്രഹം വെറുതെയാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പിന്നാലെ ബാഴ്‌സലോണ ഇതിഹാസങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജോര്‍ധി ആല്‍ബ എന്നിവരെ കൂടി തട്ടകത്തിലെത്തിച്ച് മികച്ച സ്‌ക്വാഡ് കെട്ടിപ്പടുത്തിരിക്കുയാണ് എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമി. തൊട്ടുപിന്നാലെ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിനെയും സ്വന്തമാക്കാനൊരുങ്ങുകയാണ് മയാമിയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബാഴ്‌സലോണയില്‍ മനോഹര അധ്യായം തീര്‍ത്ത സുവാരസിന് ഒരിക്കല്‍ കൂടി മെസിക്കൊപ്പം ബൂട്ടുകെട്ടാനാകുമെന്ന ആരാധകരുടെ ആഗ്രഹം നടക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുവാരസ് നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ ഗ്രിമിയോ താരത്തിന്റെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സുവാരസിന് ഇന്റര്‍ മയാമിയുമായി സൈനിങ് നടത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ വര്‍ഷം മുഴുവന്‍ സുവാരസ് ഗ്രിമിയോയില്‍ തന്നെ തുടരണമെന്നാണ് ഗ്രിമിയോയുടെ ആവശ്യം. 2024ന് മുമ്പായി കോണ്‍ട്രാക്ട് റദ്ദാക്കണമെങ്കില്‍ സുവാരസ് ഇതുവരെ കൈപ്പറ്റിയ വേതനം മുഴുവന്‍ തിരികെ നല്‍കണമെന്നതാണ് ഗ്രിമിയോയുടെ മറ്റൊരു ഡിമാന്‍ഡ്.

ഇതിന് പുറമെ ഒരു നിശ്ചിത തുക നഷ്ട പരിഹാരമായി നല്‍കാനും ഗ്രിമിയോ ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യാന്‍ താരം തയ്യാറായിട്ടും ക്ലബ്ബിന്റെ അനുവാദം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കരിയറിന്റെ അവസാന ഘട്ടത്തില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുവാരസ് നേരത്തെ പറഞ്ഞിരുന്നു. അവസാന നാളുകളില്‍ തങ്ങള്‍ക്ക് ഒരേ ക്ലബ്ബുകളില്‍ ബൂട്ടുകെട്ടാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആല്‍ബിസെലസ്റ്റ ടോക്കിനോട് സംസാരിക്കുമ്പോഴാണ് സുവാരസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Content Highlights: Luis Suarez can’t sign with Inter Miami in this season

We use cookies to give you the best possible experience. Learn more