2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14വരെ ജര്‍മനിയില്‍ വെച്ചാണ് യൂറോ കപ്പ് നടക്കുക. 2016ലെ യൂറോ കപ്പ് വിജയത്തിന്റെ ആവര്‍ത്തനത്തിനായാണ് പോര്‍ച്ചുഗല്‍ ടീം കളത്തിലിറങ്ങുന്നത്.
ഇപ്പോഴിതാ യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പോര്‍ച്ചുഗീസ് താരം ലൂയിസ് ഫിഗോ. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പോര്‍ച്ചുഗല്‍ താരം. യൂറോകപ്പിലെ പോര്‍ച്ചുഗല്‍ ടീമിന്റെ സാധ്യതകളെക്കുറിച്ചായിരിന്നു ഫിഗോ പറഞ്ഞത്.
‘യൂറോ കപ്പ് എന്നത് ലോകത്തെ ഏറ്റവും മികച്ചൊരു ടൂര്‍ണമെന്റ് ആണ്. യുവേഫയില്‍ ഉള്ളതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. യൂറോപ്പില്‍ കളിക്കുന്ന ടീമുകളുടെയും താരങ്ങളുടെയും നിലവാരം മനസ്സിലാക്കി കൊണ്ടാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ ഒന്നാണ് ഞങ്ങളുടെത്.
ഒരുപാട് കഴിവുകളും മികച്ച അനുഭവം സമ്പത്തും ഉള്ള ഒരു ടീമാണ് പോര്‍ച്ചുഗല്‍. വരാനിരിക്കുന്ന യൂറോ കപ്പില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ജര്‍മനി, ബെല്‍ജിയം എന്നീ ടീമുകള്‍ക്കൊപ്പം കിരീടം നേടാനുള്ള ഫേവറേറ്റുകളില്‍ ഒന്നാണ് ഞങ്ങളും. ഈ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്‍മാരാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഫിഗോ പറഞ്ഞു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നും ഫോം തന്നെയാണ് പറങ്കിപ്പടക്ക് യൂറോ കപ്പില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നത്. ഇതിനോടകം തന്നെ ഈ സീസണില്‍ 29 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.
സൗദി ലീഗില്‍ അല്‍ അഹ്ലിക്കെതിരെ നേടിയ ഗോളിന് പിന്നാലെ സൗദി വമ്പന്മാര്‍ക്കൊപ്പം 50 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോ നടന്നു കയറിയിരുന്നു. താരത്തിന്റെ ഈ മിന്നും ഫോം വരാനിരിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പോര്‍ച്ചുഗീസ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
യൂറോകപ്പിനു മുന്നോടിയായി പോര്‍ച്ചുഗലിന് രണ്ട് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. സ്വീഡനെതിരെയും സ്ലൊവാനിയക്കെതിരെയുമാണ് പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുക. ഈ മത്സരങ്ങള്‍ക്കുള്ള 32 അംഗങ്ങള്‍ ഉള്ള സ്‌ക്വാഡിനെ പോര്‍ച്ചുഗീസ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് 22ന് സ്വീഡനെതിരെയും മാര്‍ച്ച് 27ന് സ്ലൊവേനിയക്കെതിരെയുമാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍.
2024 യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പട്രീസിയോ
ഡിഫന്‍ഡര്‍മാര്‍: ജാവോ കാന്‍സലോ, നെല്‍സണ്‍ സെമെഡോ, ജാവോ മരിയോ, ഡിയോഗോ ഡലോട്ട്, റാഫേല്‍ ഗ്വെറിറോ, ന്യൂനോ മെന്‍ഡസ്, ഡിയോഗോ ലെയ്റ്റ്, റൂബന്‍ ഡയസ്, പെപ്പെ അന്റോണിയോ സില്‍വ, ഗോണ്‍സാലോ ഇനാസിയോ, ടോട്ടി ഗോമസ്, ഡാനിലോ പെരേര
മിഡ്ഫീല്‍ഡര്‍: ജോവോ പാല്‍ഹിന്‍ഹ, റൂബന്‍ നെവെസ്, ജോവോ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ഒട്ടാവിയോ മോണ്ടെറോ, വിറ്റിന്‍ഹ മാത്യൂസ്, ബെര്‍ണാഡോ സില്‍വ.
ഫോര്‍വേഡ്സ്: ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌കോ, ജോട്ട സില്‍വ, റിക്കാര്‍ഡോ ട്രിന്‍കാവോ, ബ്രൂമ, റാഫേല്‍ ലിയോ, ജാവോ ഫെലിക്‌സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ റാമോസ്.
Content Highlight: Luis Figo talks about Portugal chances Euro 2024