അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയിലേക്ക് തന്നെ ആകര്‍ഷിക്കപ്പെടാനുള്ള കാരണം വെളിപ്പെടുത്തി റയല്‍ മാഡ്രിഡ് ഇതിഹാസം ലൂയിസ് ഫിഗോ.
വര്‍ഷം കഴിയുന്തോറും മെസിയുടെ പെര്‍ഫോമന്‍സ് ലെവല്‍ ഉയര്‍ന്നുവരുന്നത് തന്നെ വല്ലാതാകര്‍ഷിച്ചുവെന്നും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഫിഗോ പറഞ്ഞു. ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ്‌സ് ടീമുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മെസിയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് വര്‍ഷം കഴിയുന്തോറുമുള്ള അദ്ദേഹത്തിന്റെ പ്രകടന മികവാണ്. എനിക്കറിയാം അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന്.
വര്‍ഷം പഴകുന്തോറും പെര്‍ഫോമന്‍സിന്റെ ലെവല്‍ കൂടി വരുന്നത് കോമണായിട്ടുള്ള കാര്യമല്ല,’ ഫിഗോ പറഞ്ഞു.
അതേസമയം, ആറ് താരങ്ങളാണ് വിഖ്യാതമായ ലോറസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയത്.
ഫുട്ബോള്‍ ഇതിഹാസമായ അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസവും സ്പാനിഷ് ഇന്റര്‍നാഷണലുമായ റാഫേല്‍ നദാല്‍, അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ താരമായ സ്റ്റീഫന്‍ കറി, സ്വീഡിഷ് അമേരിക്കന്‍ പോള്‍വാള്‍ട്ടര്‍ മോണ്ടോ ഡൂപ്ലാന്റിസ്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മാക്സ് വേസ്റ്റാപ്പാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങള്‍.
ഫിഫ ലോക ചാമ്പ്യനായിക്കൊണ്ടാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ലോറസ് അവാര്‍ഡ് നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ദേശീയ ടീമിനൊപ്പം വിശ്വകിരീടം ഉയര്‍ത്തിയതോടെ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് മെസി. മാത്രമല്ല ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റും നേടി ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു.
Content Highlights: Luis Figo explains what impresses him the most about Lionel Messi