പ്രതിരോധ നിരയിലെ വിശ്വസ്തന്‍ സെര്‍ജിയോ റാമോസിന് പകരക്കാരനായി ബാഴ്‌സലോണ സൂപ്പര്‍ താരം ജൂള്‍സ് കൗണ്ടെയെ ടീമിലെത്തിക്കാന്‍ ലൂയീസ് എന്റിക്വെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഫ്രീ ഏജന്റായ സെര്‍ജിയോ റാമോസ് ടീം വിടുന്നതോടെ പ്രതിരോധ നിരയെ ശക്തിപ്പെടുത്താനാണ് പി.എസ്.ജിയുടെ ഫ്യൂച്ചര്‍ ബോസ് പദ്ധതിയിടുന്നത്.
പി.എസ്.ജിയുടെ പരിശീലകനായി ലൂയീസ് എന്റിക്വെ വൈകാതെ തന്നെ ചുമതലയേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. കൗണ്ടെയയെ എത്രയും പെട്ടെന്ന് ടീമിലെത്തിക്കാന്‍ എന്റിക്വെ പി.എസ്.ജിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ സമ്മറില്‍ സെവിയ്യയില്‍ നിന്നുമാണ് കൗണ്ടെ ബാഴ്‌സയിലെത്തുന്നത്. അന്നുതൊട്ടിന്നോളം താരം ബാഴ്‌സയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു. സീസണില്‍ ബാഴ്‌സക്കായി 40 മത്സരം കളിച്ച കൗണ്ടെ, കറ്റാലന്‍സിനെ 23 ക്ലീന്‍ ഷീറ്റ് നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ബാഴ്‌സയില്‍ താന്‍ ചതിക്കപ്പെട്ടെന്ന തോന്നല്‍ താരത്തിനുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ പൊസിഷനില്‍ കളിപ്പിക്കാമെന്നേറ്റ സാവി അതിന് അനുവദിച്ചിരുന്നില്ല എന്ന തോന്നലിന്റെ പുറത്താണ് കൗണ്ടെ ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ബാഴ്‌സയുടെ മിക്ക മത്സരങ്ങളിലും റൈറ്റ് ബാക്കില്‍ കൗണ്ടെയുടെ നിര്‍ണായക സാന്നിധ്യം ബ്ലൂഗ്രാനക്ക് തുണയായിരുന്നു.
മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നതിലും എംബാപ്പെയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയിലും ടീമിന് ആശങ്കയുണ്ട്. ഈ സീസണോടെ എംബാപ്പെ പി.എസ്.ജിയില്‍ നിന്നും പടിയിറങ്ങുമെന്നും 2025 വരെ ടീമിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സീസണോടെ ടീം വിടാനൊരുങ്ങുന്ന എംബാപ്പെക്ക് മെസി നല്‍കിയ നിര്‍ദേശവും ചര്‍ച്ചയായിരുന്നു. പാരീസിയന്‍ ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് നീങ്ങണമെന്നും നിങ്ങളൊരു യഥാര്‍ത്ഥ വിജയ പദ്ധതി അര്‍ഹിക്കുന്നുണ്ടെന്നും മെസി എംബാപ്പെയോട് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ നിനക്ക് ബോഴ്സലോണ സജസ്റ്റ് ചെയ്യും. പക്ഷെ നിനക്ക് റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് ഇഷ്ടം. എങ്കില്‍ അങ്ങനെ ചെയ്യൂ. നീയൊരു യഥാര്‍ത്ഥ വിജയ പദ്ധതി അര്‍ഹിക്കുന്നുണ്ട്,’ മെസി പറഞ്ഞു.
പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങിയതിന് ശേഷം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ചേരാനാണ് എംബാപ്പെയുടെ പദ്ധതിയെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിഷയത്തില്‍ എംബാപ്പെ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
Content Highlight: Luis Enrique urges PSG to sign Jules Counde