മൊറോക്കന്‍ താരങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു, എന്നാല്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് അവനാണ്: മുന്‍ സ്‌പെയ്ന്‍ കോച്ച്
2022 Qatar World Cup
മൊറോക്കന്‍ താരങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു, എന്നാല്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് അവനാണ്: മുന്‍ സ്‌പെയ്ന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 3:12 pm

ലോകകപ്പ് കിരീട ഫേവറിറ്റുകളായ സ്‌പെയ്ന്‍ ഞെട്ടിക്കുന്ന തോല്‍വിയുമായാണ് ഖത്തറില്‍ നിന്ന് മടങ്ങിയത്. അവസാന 16ല്‍ മൊറോക്കോയോട് പരാജയപ്പെട്ടുകൊണ്ടായിരുന്നു സ്‌പെയ്‌നിന്റെ മടക്കം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-0നാണ് മൊറോക്കയുടെ ജയം.

ഷൂട്ടൗട്ടില്‍ സ്പെയ്നിന്റെ മൂന്ന് കിക്കുകളും തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയുടെ പ്രകടനമാണ് മോറോക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ ലോകകപ്പില്‍ നാല് പെനാല്‍ട്ടി ഷൂട്ടൗട്ടുകള്‍ തോറ്റ ആദ്യ ടീമായി സ്പെയ്ന്‍ മാറുകയായിരുന്നു.
തുടര്‍ന്ന് സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിക്വെ സ്‌പെയ്ന്‍ പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തു.

ഖത്തറില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ താരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ എന്‍ റിക്വെ.

മൊറോക്കന്‍ താരങ്ങള്‍ വേറിട്ട പ്രകടനമാണ് കാഴ്ച വെച്ചതെന്നും എന്നാല്‍ തന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത് സ്‌പെയ്‌നിന്റെ യുവതാരം പെഡ്രിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഈ ലോകകപ്പില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒത്തിരി താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മൊറോക്കന്‍ പ്ലെയേഴ്‌സ്. എന്നാലും എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചു കളഞ്ഞത് പെഡ്രിയാണ്. അവന്‍ ഹാരി പോട്ടറെ പോലെയാണ്, ഫുട്‌ബോളില്‍ മാജിക് ചെയ്യുന്നവന്‍. എനിക്കതെങ്ങനെ വിവരിക്കണം എന്നറിയില്ല.

അവന്‍ ഒരേ സമയം എന്നെ അത്ഭുതപ്പെടുത്തുകയും എന്നാല്‍ ഒന്നും തോന്നിപ്പിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്,’ എന്റിക്വെ പറഞ്ഞു.

മൊറോക്കന്‍ താരങ്ങള്‍ ചാന്‍സ് കിട്ടിയത് കൊണ്ടല്ല ഇവിടെ വരെ എത്തിയതെന്നും പരിചയ സമ്പന്നതയും മികച്ച പ്രകടനവും കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അസാധ്യ പ്രകടനമായിരുന്നു സ്‌പെയ്ന്‍ കാഴ്ച വെച്ചിരുന്നത്. കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു സ്‌പെയ്‌നിന്റെ തുടക്കം. എന്നാല്‍ സ്‌പെയിനെ അക്ഷരാര്‍ത്ഥത്തില്‍ വലിഞ്ഞുമുറുക്കുന്ന മൊറോക്കയെയാണ് കളിയില്‍ കണ്ടത്.

പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലുമെല്ലാം മികവ് പുലര്‍ത്തിയ സ്‌പെയ്‌നിന്റെ പോസ്റ്റിലേക്ക് നിരവധി കൗണ്ടര്‍ ആക്രമണങ്ങള്‍ നടത്തിയ മൊറോക്കൊ സ്‌പെയ്‌നിനെ ഞെട്ടിക്കുകയായിരുന്നു.

90 മിനിട്ടും കഴിഞ്ഞ് അധിക സമയത്തിലേക്ക് നീങ്ങിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു മത്സരം. ഇരുപകുതിയിലും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ വിജയം മൊറോക്കോയ്‌ക്കൊപ്പം നില്‍ക്കുയായിരുന്നു.

രണ്ടാം പകുതിയിലും അധികസമയത്തും ഇരു ടീമുകളും അറ്റാക്ക് ചെയ്ത് കളിച്ചെങ്കിലും ഗോളുണ്ടായില്ല. സ്‌പെയ്‌നിന്റെയും മൊറോക്കൊയുടെയും പ്രതിരോധനിരയുടെ ശക്തമായ പ്രകടനമാണ് മത്സരത്തിലുടനീളം കാണാനായത്.

Content Highlights: Luis Enrique praises Pedri and Moroccan players