| Thursday, 6th July 2023, 6:50 pm

പി.എസ്.ജിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ എംബാപ്പെ അവിടെ ഉണ്ടാകുമോ? പ്രതികരണവുമായി ലൂയിസ് എന്റിക്വ്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ കോച്ച് ലൂയിസ് എന്റിക്വിന് കീഴില്‍ പുതിയ യുഗം ആരംഭിക്കാനിരിക്കുകയാണ് ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. കഴിഞ്ഞ ദിവസമാണ് എന്റിക്വ് പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നുവെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജൂലൈ അഞ്ചിന് പാരീസിയന്‍ ക്ലബ്ബില്‍ ജോയിന്‍ ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.

പി.എസ്.ജിയുടെ അടുത്ത സീസണില്‍ കിലിയന്‍ എംബാപ്പെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് എന്റിക്വ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. അത് തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും പി.എസ്.ജിയില്‍ പുതിയ സ്‌ക്വാഡ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അത് സ്വകാര്യമായ കാര്യമാണ്. എനിക്കതിനെ കുറിച്ച് വെളിപ്പെടുത്താനാകില്ല. ഏറ്റവും മികച്ച സ്‌ക്വാഡിനെ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ എന്‍റിക്വ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. എംബാപ്പെയെ പോലൊരു താരത്തെ നഷ്ടമാകുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹത്തിന് തീരുമാനമെടുക്കാന്ഡ സമയം നല്‍കിയിട്ടുണ്ടെന്നും പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി പറഞ്ഞിരുന്നു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ മുന്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിഞ്ഞതോടെയാണ് എന്‍റിക്വ് പുതിയ പരിശീലകനായി പാരീസിലെത്തുന്നത്. ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്.

2014 മുതല്‍ 2017 വരെ ബാഴ്സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്. കഴിഞ്ഞ ലോക കപ്പില്‍ സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായോടെ എന്റിക്വ് സ്‌പെയിന്‍ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. സൂപ്പര്‍ കോച്ചിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Luis Enrique about Kylian Mbappe’s transfer

We use cookies to give you the best possible experience. Learn more