ലോക ഫുട്‌ബോളിലെ മികച്ച യുവ താരമാണ് ലാമിന്‍ യമാല്‍. ബാഴ്‌സലോണയ്ക്കും സ്‌പെയിനിനും വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ലാമിന് യമാല്‍ ആയിരുന്നു.
ഈ സീസണില്‍ ബാഴ്‌സ നടത്തുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ കാരണങ്ങളില്‍ ഒരാള്‍ ലാമിന്‍ യമാല്‍ കൂടിയാണ്. വെറും 17 വയസ് മാത്രം പ്രായമുള്ള ലാമിന്‍ 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്പെയിന്‍ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ.
‘കാലുകള്‍ കെട്ടിയിട്ടാല്‍ പോലും അവന്‍ മികച്ച പ്രകടനം നടത്തുന്നു. അവന്‍ അമ്പരപ്പിക്കുകയാണ്. ഈ പ്രായത്തില്‍ തന്നെ വ്യത്യസ്തമായ കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. 17 വയസ് മാത്രമേ ഉള്ളെങ്കിലും അതിനേക്കാള്‍ വലിയ പക്വത അവനുണ്ട്. കൂടാതെ വളരെ സൗമ്യമായ രീതിയിലാണ് അവന്‍ കളിക്കുന്നത്.
റിസ്‌ക്കുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഒരു ടെക്നിക്കല്‍ പ്ലെയര്‍ ആയി മാറാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇത്തരം താരങ്ങള്‍ ചിന്തിക്കാന്‍ കഴിയാവുന്നതിനുമപ്പുറമുള്ള കാര്യങ്ങള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യും. യമാലും നിക്കോയും അടുത്ത സുഹൃത്തുക്കളാണ് എന്ന കാര്യത്തിലും ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ പരിശീലകന്‍ പറഞ്ഞു.
Content Highlight: Luis De Fuente Talking About Lamine Yamal