2024 സൗദി പ്രോ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ അല്‍ നസറിന് സമനില. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ 1-1 എന്ന സ്‌കോറിന് മത്സരം അവസാനിപ്പിച്ചുകൊണ്ട് ഇരുടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും ചെറിയ വ്യത്യാസത്തില്‍ ഓഫ് സൈഡ് ആവുകയായിരുന്നു. മത്സരത്തിന്റെ 76ാം മിനിട്ടില്‍ അല്‍ റെയ്ദ് പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ റൊണാള്‍ഡോ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ നീണ്ട സമയത്തെ വാര്‍ പരിശോധനക്ക് ശേഷം റഫറി ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു.
മത്സരശേഷം അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ റഫറിയുടെ ഈ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
‘റൊണാള്‍ഡോ നേടിയ രണ്ടാമത്തെ ഗോള്‍ റദ്ദാക്കിയത് തെറ്റാണ്. മത്സരത്തില്‍ ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെനാല്‍ട്ടി കിക്ക് നല്‍കിയില്ല,’ ലൂയിസ് കാസ്‌ട്രോ അല്‍ നസര്‍ സോണിലൂടെ പറഞ്ഞു.
ഇതിനു മുമ്പ് നടന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്. ലൂയിസിന്റെ കീഴില്‍ കഴിഞ്ഞ സീസണില്‍ അല്‍ നസറിന് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ നടന്ന കിങ്‌സ് കപ്പ് ഫൈനലിലും അല്‍ ഹിലാലിനോട് ലൂയിസ് കാസ്ട്രോയും സംഘവും പരാജയപ്പെട്ടിരുന്നു.
അല്‍ നസറിന്റെ ഈ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമിന്റെ ലൂയിസ് കാസ്‌ട്രോയെ പുറത്താക്കാന്‍ സൗദി വമ്പന്മാര്‍ ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം മത്സരത്തില്‍ അല്‍ നസറിനായി ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ 34ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഫൗസൈറിലൂടെ അല്‍ റെയ്ദ് സമനില പിടിക്കുകയായിരുന്നു. 49ാംമിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് താരം ടീമിന് സമനില നേടിക്കൊടുത്തത്.
ഓഗസ്റ്റ് 27നാണ് ലൂയിസ് കാസ്ട്രോയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയയാണ് സൗദി വമ്പന്മാര്‍ നേരിടുക.
Content Highlight: Luis Csatro Talks About The Big Setback on The First SPL Match