ഈ പോക്കാണെങ്കിൽ റൊണാൾഡോ 2026 ലോകകപ്പ് കളിക്കും; അൽ നസർ കോച്ച്
Football
ഈ പോക്കാണെങ്കിൽ റൊണാൾഡോ 2026 ലോകകപ്പ് കളിക്കും; അൽ നസർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 3:15 pm

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2026 ഫിഫ ലോകകപ്പില്‍ കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ.

റൊണാള്‍ഡോയുടെ ഈ മിന്നും ഫോം ഇനിയും തുടരുകയാണെങ്കില്‍ റൊണാള്‍ഡോക്ക് അടുത്ത ലോകകപ്പിലും കളിക്കാന്‍ സാധിക്കുമെന്നാണ് പരിശീലകന്‍ പറഞ്ഞത്. ചൈനീസ് പത്രമായ ടൈറ്റന്‍ സ്‌പോര്‍ട്‌സിനോട് പ്രതികരിക്കുകയായിരുന്നു ലൂയിസ് കാസ്‌ട്രൊ.

‘റൊണാള്‍ഡോ ഇപ്പോഴും മികച്ച പ്രകടനമാണ് കളിക്കളത്തില്‍ നടത്തുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ പ്രായം നോക്കേണ്ടതില്ല. റോണോ ഇപ്പോഴും തന്റെ പരിധിയില്‍ നിന്ന് വളരെ അകലെയാണ്. ഒരു താരത്തിന് 14, 15 വയസ്സുള്ളപ്പോള്‍ എല്ലാവരും പറയും അവന്‍ ചെറുപ്പമാണെന്ന്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് അത് അവരുടെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ നോക്കിയാണ്. 40 വയസ്സുള്ള ഒരു കളിക്കാരന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്,’ ലൂയിസ് കാസ്‌ട്രോ പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. ഇതിന് പിന്നാലെ റൊണാള്‍ഡോയുടെ അവസാന ടൂര്‍ണമെന്റാവും ഖത്തര്‍ ലോകകപ്പ് എന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ മിന്നും ഫോം വരും ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് അടിവരയിടുന്നതാണ്.

ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. 2023ല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു.

2023 കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്. ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

ഈ വര്‍ഷം ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പിലും പോര്‍ച്ചുഗലിനായി റൊണാള്‍ഡോ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Luis Castro talks Cristaino Ronaldo could play 2026 world cup.