ലുധിയാന: ലുധിയാനയില്‍ മക്കള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടെന്ന സംശയത്തില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ കനാലിലെറിഞ്ഞു പതിനഞ്ചുകാരിയായ മകള്‍ മരിച്ചു. സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. കേസില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പേരില്‍ പൊലീസ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
Also read കനയ്യകുമാറിന് ക്ലീന്‍ചിറ്റ്; കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസില്‍ തെളിവില്ലെന്ന് പൊലീസ്
പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ ജ്യോതിയും പ്രീതിയും സ്‌കൂളില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. സ്‌കൂള്‍ വിട്ട് രാത്രിയോടെയായിരുന്നു ഇരുവരും വീട്ടില്‍ എത്തിയിരുന്നത്. ഇതേതുടര്‍ന്ന് മക്കള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ രക്ഷിതാക്കള്‍ ഇരുവരെയും മയക്കിയശേഷം കനാലിലേക്ക് എറിയുകയായിരുന്നു.
കനാലിലെറിയും മുമ്പ് ജ്യോതിയെ ഷാളുപയോഗിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ദവീന്ദര്‍ ശര്‍മ്മ പറഞ്ഞു. കനാലില്‍ വീണ കുട്ടികളില്‍ ജ്യോതിയാണ് മരിച്ചത്. സഹോദരി പ്രീതി ആശുപത്രിയിലാണ്.
കനാലില്‍ കുട്ടികള്‍ ഒഴുകുന്നത് കണ്ട നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. പ്രീതിയുടെ മൊഴിയില്‍ നിന്നാണ് പൊലീസ് സംഭവം അറിയുന്നത്. രക്ഷിതാക്കളായ ഓട്ടോഡ്രൈവര്‍ ഉദയ് ചന്ദിനും ഭാര്യ ലക്ഷ്മിക്കും എതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.