ലുധിയാന: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ കഴിഞ്ഞ ഒരുമാസമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കര്‍ഷകര്‍.
പഞ്ചാബിലെ ലുധിയാനയില്‍ റിലയന്‍സിന്റെ പെട്രോള്‍ പമ്പ് വളഞ്ഞാണ് കര്‍ഷകരുടെ പ്രതിഷേധം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ലുധിയാനയിലുള്ള റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
ഈ പ്രശ്നത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.
അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളില്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. സമരം കോര്‍പ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കോര്‍പറേറ്റ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കര്‍ഷകരുടെ ആഹ്വാനം രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബിലെ വിവിധ റിലയന്‍ പമ്പുകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം ഒരുമാസം പിന്നിടുകയാണ്. അതിശൈത്യത്തിലും ശക്തമായി തുടരുന്ന സമരത്തില്‍ 30ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം ചര്‍ച്ചയുമായി രംഗത്തെത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് കര്‍ഷകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം വാജ്പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി സംവദിക്കുന്നുണ്ട്. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെയാണ് മോദി ഇന്ന് അഭിസംബോധന ചെയ്യുന്നത്.
ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ മോദിക്ക് നന്ദിപറയുമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് പറഞ്ഞത്. കര്‍ഷകരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുടര്‍ച്ചയായ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക