| Friday, 13th August 2021, 1:56 pm

ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി; ഉത്തരവ് സിസ്റ്റര്‍ നല്‍കിയ ഹരജിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നേരത്തേ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹരജിയില്‍ നേരത്തെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെ സ്വന്തം കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെയാണ് വാദിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് അന്ന് സിസ്റ്റര്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിച്ചത്.

നേരത്തേ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചിരുന്നു. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളുകയായിരുന്നു.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരുന്നത്. 2019 ലായിരുന്നു ഇത്.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് സഭയില്‍ നിന്ന് പുറത്താക്കിയത്.


Content Highlight: Lucy Kalapurakkal can stay in convent

We use cookies to give you the best possible experience. Learn more