മകളെ കൊണ്ടുപോകണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വീട്ടിലേക്ക് കത്ത്; മഠത്തില്‍നിന്നും തന്നെ ഇറക്കിവിടാനാവില്ലെന്ന് ലൂസി കളപ്പുര
Kerala
മകളെ കൊണ്ടുപോകണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വീട്ടിലേക്ക് കത്ത്; മഠത്തില്‍നിന്നും തന്നെ ഇറക്കിവിടാനാവില്ലെന്ന് ലൂസി കളപ്പുര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 11:44 am

മാനന്തവാടി: മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാന്‍ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീല്‍ അയച്ചിട്ടുണ്ട്. മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി സന്യാസിസമൂഹം കുടുംബത്തിന് കത്തയച്ചിരുന്നു. എഫ്.സി.സി യുടെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ലൂസി കളപ്പുരയുടെ അമ്മയ്ക്കാണ് കത്ത് അയച്ചത്. മകളെ മഠത്തില്‍നിന്നും കൊണ്ടുപോകണമെന്നാണ് കത്തില്‍ പറയുന്നത്. ഇനിയും മഠത്തില്‍ തുടരുന്നത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.

സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിസ്റ്റര്‍ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങള്‍ചയ്തു. കാറുവാങ്ങി. ടെലിവിഷനില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കി. എന്നാല്‍, മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11 ന് ദല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു.