| Friday, 25th October 2019, 12:30 pm

അധ്യക്ഷ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടി; വനിതാ കമ്മീഷനെ വിമര്‍ശിച്ച് ലൂസി കളപ്പുര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സംസ്ഥാന വനിതാ കമ്മീഷനെ വിമര്‍ശിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത്. നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് കമ്മീഷന്റെ ഹിയറിംഗിന് പോകാതിരുന്നതെന്നും ലൂസി കളപ്പുര.

വനിതാ കമ്മീഷന്‍ അധ്യക്ഷ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്നും സഭാ അനുകൂലികളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് തനിക്കെതിരെ രംഗത്തു വന്നതെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

വത്തിക്കാനൊപ്പം വനിതാ കമ്മീഷനും തന്നെ അവഗണിക്കുകയാണെന്ന് ലൂസി കളപ്പുര ആരോപിച്ചു. നീതി ലഭിക്കമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കാന്‍ ഒരുക്കമാണെന്നും ലൂസി കളപ്പുര പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെന്ന് ലൂസി കളപ്പുര മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ സാധാരണ നാലു തവണയാണ് ഹിയറിംങിന് ഹാജരാകാന്‍ ആവശ്യപ്പെടാറുള്ളതെന്നും എന്നാല്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നാലു തവണ വിളിച്ചതെന്നും മറുപടിയായി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജോസഫൈന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഒരു തവണ പോലും ഹാജരാകാത്ത ലൂസി കളപ്പുരയുടെ കേസ് ഒഴിവാക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.

താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഭാ അധികൃതരുടെ പക്കല്‍ നിന്നും കടുത്ത ദ്രോഹമാണ് നേരിടുന്നതെന്നും നിരവധി തവണ ഫോണിലൂടെയും ഇമെയില്‍ വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിരുന്നുവെന്നും എന്നാല്‍ ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വനിതാ കമ്മീഷന്‍ നീതി നടപ്പിലാക്കും എന്നുറപ്പുണ്ടെങ്കില്‍ പരാതി നല്‍കാന്‍ തയ്യാറാണ്. ലൂസി കളപ്പുര പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കികൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സിസ്റ്ററുടെ അപ്പീല്‍ കഴിഞ്ഞയാഴ്ച വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘം തള്ളിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ നടപടിക്കെതിരെ സഭാ അധികൃതര്‍ക്ക് വീണ്ടും അപ്പീല്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

We use cookies to give you the best possible experience. Learn more