കല്‍പ്പറ്റ: സംസ്ഥാന വനിതാ കമ്മീഷനെ വിമര്‍ശിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത്. നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് കമ്മീഷന്റെ ഹിയറിംഗിന് പോകാതിരുന്നതെന്നും ലൂസി കളപ്പുര.
വനിതാ കമ്മീഷന്‍ അധ്യക്ഷ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്നും സഭാ അനുകൂലികളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് തനിക്കെതിരെ രംഗത്തു വന്നതെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.
വത്തിക്കാനൊപ്പം വനിതാ കമ്മീഷനും തന്നെ അവഗണിക്കുകയാണെന്ന് ലൂസി കളപ്പുര ആരോപിച്ചു. നീതി ലഭിക്കമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കാന്‍ ഒരുക്കമാണെന്നും ലൂസി കളപ്പുര പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെന്ന് ലൂസി കളപ്പുര മുമ്പ് പറഞ്ഞിരുന്നു.
എന്നാല്‍ സാധാരണ നാലു തവണയാണ് ഹിയറിംങിന് ഹാജരാകാന്‍ ആവശ്യപ്പെടാറുള്ളതെന്നും എന്നാല്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നാലു തവണ വിളിച്ചതെന്നും മറുപടിയായി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജോസഫൈന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഒരു തവണ പോലും ഹാജരാകാത്ത ലൂസി കളപ്പുരയുടെ കേസ് ഒഴിവാക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.
താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഭാ അധികൃതരുടെ പക്കല്‍ നിന്നും കടുത്ത ദ്രോഹമാണ് നേരിടുന്നതെന്നും നിരവധി തവണ ഫോണിലൂടെയും ഇമെയില്‍ വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിരുന്നുവെന്നും എന്നാല്‍ ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വനിതാ കമ്മീഷന്‍ നീതി നടപ്പിലാക്കും എന്നുറപ്പുണ്ടെങ്കില്‍ പരാതി നല്‍കാന്‍ തയ്യാറാണ്. ലൂസി കളപ്പുര പറഞ്ഞു.