|

നെറ്റ്ഫ്‌ളിക്‌സിലും ദുല്‍ഖര്‍ തരംഗം, ആര്‍.ആര്‍.ആറിന് ശേഷം നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം കണ്ട ചിത്രമായി ലക്കി ഭാസ്‌കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 1990കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായി ലക്കി ഭാസ്‌കര്‍ മാറി.

ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം റെക്കോഡുകള്‍ സ്വന്തമാക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ചിത്രം ഇതിനോടകം 20 മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറാണ് ഒന്നാം സ്ഥാനത്ത്.

ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളില്‍ ആറാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍. ഒ.ടി.ടി റിലീസില്‍ രണ്ടാഴ്ച കൊണ്ട് 11.7 മില്യണ്‍ വ്യൂസ് സ്വന്തമാക്കി നേരത്തെ തന്നെ ചിത്രം മറ്റൊരു റെക്കോഡും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പുഷ്പ 2 പോലും രണ്ടാഴ്ച കൊണ്ട് വെറും 9.4 മില്യണ്‍ വ്യൂസ് മാത്രമേ നോടാന്‍ സാധിച്ചുള്ളൂ എന്ന് കാണുമ്പോഴാണ് ലക്കി ഭാസ്‌കറിന്റെ റേഞ്ച് മനസിലാകുന്നത്.

ഫിനാന്‍ഷ്യല്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ വളരെ ലളിതമായാണ് കഥ പറഞ്ഞത്. ഭാസ്‌കര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്. കിങ് ഓഫ്. കൊത്തയുടെ പരാജയത്തിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത ദുല്‍ഖര്‍ അതിഗംഭീര തിരിച്ചുവരവാണ് ലക്കി ഭാസ്‌കറിലൂടെ നടത്തിയത്.

തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നു. തെലുങ്കില്‍ 100 കോടി ക്ലബ്ബ് ചിത്രമുള്ള ഒരേയൊരു അന്യഭാഷാ നടനാണ് ദുല്‍ഖര്‍. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ നാഗാര്‍ജുന, രവി തേജ എന്നിവര്‍ക്ക് പോലുമില്ലാത്ത 100 കോടി ചിത്രം തന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. നേരത്തെ ദുല്‍ഖര്‍ നായകനായ സീതാ രാമം 94 കോടി നേടിയതും വലിയ വാര്‍ത്തയായിരുന്നു.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറില്‍ പെടുന്നതാണ്. തമിഴിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Content Highlight: Lucky Baskhar become the second most viewed South Indian movie in Netflix

Latest Stories