അമ്പത് കോടിയും കടന്ന് ഭാസ്കറിന്റെ തേരോട്ടം, ലക്കി ഭാസ്കർ കളക്ഷൻ റിപ്പോർട്ട്
Entertainment
അമ്പത് കോടിയും കടന്ന് ഭാസ്കറിന്റെ തേരോട്ടം, ലക്കി ഭാസ്കർ കളക്ഷൻ റിപ്പോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th November 2024, 4:47 pm

ദീപാവലിക്ക് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുന്ന ചിത്രം റിലീസ് ചെയ്ത് നാലാം ദിവസം നേടിയ കേരളാ ഗ്രോസ് 2 കോടി 60 ലക്ഷമാണ്.

ആദ്യ 3 ദിവസവും കേരളത്തിൽ നിന്ന് 2 കോടി രൂപക്ക് മുകളിൽ ചിത്രം ഗ്രോസ് ചെയ്തിരുന്നു. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്കും, നാലാം ദിനമായപ്പോൾ 240 സ്‌ക്രീനുകളിലേക്കും വർധിച്ചിരുന്നു.

കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു ദുൽഖർ ചിത്രം ബോക്സ്‌ ഓഫീസിൽ എത്തുന്നത്. മഹാനടി, സീതാരാമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം തെലുങ്കിൽ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്കർ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ചിത്രം എല്ലാ കേന്ദ്രങ്ങളിലും മികച്ച അഭിപ്രായമാണ് നേടുന്നത്.

 

Content Highlight: Lucky Baskar Movie Collection  Update