ഒക്ടോബര്‍ 31ന് ആഗോള റിലീസായെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ കുതിപ്പ് തുടരുന്നു. വമ്പന്‍ പ്രേക്ഷക പിന്തുണയോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം ആഗോള ഗ്രോസ് കളക്ഷനായി 100 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. മൂന്നാമത്തെ വാരത്തിലും ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോ ട്രെന്‍ഡിങ്ങില്‍ ഏറ്റവും മുകളിലാണ് ഈ ചിത്രം.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ലക്കി ഭാസ്‌ക്കര്‍ കേരളത്തിലും വമ്പന്‍ ഹിറ്റാണ്. ഇതിനോടകം 20 കോടിയോളമാണ് ചിത്രം നേടിയ കേരള ഗ്രോസ് കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിറഞ്ഞ സദസുകളിലാണ് തിയേറ്ററുകളിലെത്തി മൂന്നാം വാരവും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളുമുള്‍പ്പെടെ സ്വീകരിക്കുന്ന ചിത്രം 1992ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനാവും നിര്‍വഹിച്ച ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
ലക്കി ഭാസ്‌കറിന്റെ വമ്പന്‍ വിജയത്തോടെ തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ നേടാനും ദുല്‍ഖര്‍ സല്‍മാന് സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ലക്കി ഭാസ്‌കര്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ഈ പീരീഡ് ഡ്രാമ ത്രില്ലറിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി.വി പ്രകാശ് കുമാറാണ്.
Content Highlight: Lucky Baskar is trending on Book My Show for the third week as well