ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. പോയിന്റ് പട്ടികയിലെ മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമാണ് എലിമിനേറ്ററില്‍ കൊമ്പുകോര്‍ക്കുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറാനും സാധിക്കും.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് ഇഷാന്‍ കിഷന്‍ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടിയ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ സ്‌ട്രൈക്കിലെത്തിയ രോഹിത് ശര്‍മക്ക് ശേഷമുള്ള നാല് പന്തിലും റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. ക്രുണാലിന്റെ ശേഷിക്കുന്ന പന്തുകള്‍ ഡിഫന്‍ഡ് ചെയ്യാന്‍ മാത്രമാണ് രോഹിത്തിന് സാധിച്ചത്.
പ്ലേ ഓഫില്‍ പിറക്കുന്ന ഓരോ ഡോട്ട് ബോളുകള്‍ക്കും 500 മരം വീതം നട്ടുപിടിപ്പിക്കുമെന്ന് ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഓവറില്‍ നാല് ഡോട്ടുകള്‍ പിറന്നതോടെ ഇതിനോടകം 2000 മരങ്ങള്‍ ബി.സി.സി.ഐ വെച്ചുപിടിപ്പിക്കും.
ആദ്യ ഓവറില്‍ തന്നെ ഡോട്ട് ബോളുകള്‍ പിറന്നതോടെ ആരാധകര്‍ ട്രോളുമായി എത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ ഭൂമിക്ക് അനുഗ്രഹമാണെന്നും കുറച്ച് നേരം കൂടി ക്രീസില്‍ നിന്നാല്‍ ഒരു കാട് തന്നെ സൃഷ്ടിച്ചെടുക്കാന്‍ രോഹിത്തിനാകുമെന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.
എന്നാല്‍ ക്രുണാലിന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയാണ് രോഹിത് അക്കൗണ്ട് തുറന്നത്. ഓവറില്‍ മറ്റൊരു ബൗണ്ടറിയും താരം നേടിയിരുന്നു.
എന്നാല്‍ രോഹിത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. നാലാം ഓവര്‍ പന്തെറിയാനെത്തിയ നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ് നല്‍കി പുറത്താവുകയായിരുന്നു. 10 പന്തില്‍ നിന്നും 11 റണ്‍സായിരുന്നു രോഹിത് നേടിയത്.
Naveen-ul-Haq strikes early for Lucknow Super Giants ⚡️⚡️#MI lose skipper Rohit Sharma who departs for 11.
അതേസമയം, പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് മുംബൈ നേടിയത്. ഒമ്പത് പന്തില്‍ നിന്നും 23 റണ്‍സുമായി കാമറൂണ്‍ ഗ്രീനും അഞ്ച് പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.