| Thursday, 18th May 2023, 6:32 pm

ഇതിപ്പോള്‍ ഐ.പി.എല്ലില്‍ രണ്ട് കൊല്‍ക്കത്ത ടീമോ?; ലഖ്‌നൗവിന്റെ നീക്കത്തില്‍ കയ്യടിച്ച് ഫുട്‌ബോള്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏപ്രില്‍ 20ന് നടക്കുന്ന തങ്ങളുടെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ ഫുട്‌ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാനും കൊല്‍ത്തയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും ട്രിബ്യൂട്ടുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ ഡിഫൈന്‍ ചെയ്ത മോഹന്‍ ബഗാന്റെ മെറൂണും പച്ചയും നിറത്തിലുള്ള ജേഴ്‌സി ധരിച്ചാണ് ലഖ്‌നൗ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിക്കാനിറങ്ങുക.

കൊല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ചെടുത്ത ടീമാണ് മോഹന്‍ ബഗാന്‍. ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കിയ മോഹന്‍ ബഗാന്‍ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തേതും ഇന്നും നിലകൊള്ളുന്നതുമായ ഫുട്‌ബോള്‍ ക്ലബ്ബ്.

ഐ. ലീഗും ഫെഡറേഷന്‍ കപ്പും ഡ്യൂറണ്ട് കപ്പും ഇന്ത്യന്‍ സൂപ്പര്‍ കപ്പും ഐ.എഫ്.എ ഷീല്‍ഡും റോവേഴ്‌സ് കപ്പുമായി നിരവധി ടൈറ്റിലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായര്‍ക്കുള്ള പെര്‍ഫെക്ട് ട്രിബ്യൂട്ടാണ് എല്‍.എസ്.ജി ഇതിലൂടെ നല്‍കുന്നത്.

കൊല്‍ക്കത്തയുള്ള മണ്ണില്‍ ‘രണ്ട് കൊല്‍ക്കത്ത ടീമുകള്‍ ഏറ്റുമുട്ടുന്ന ഐ.പി.എല്ലിലെ ദി ഗ്രേറ്റ് കൊല്‍ക്കത്ത ഡെര്‍ബി’ക്കാണ് മെയ് 20ന് കളമൊരുങ്ങുന്നത്.

ലഖ്‌നൗവിന്റെ ഈ നീക്കത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ഇതിനോടകം തന്നെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ച ലഖ്‌നൗവിന് കൊല്‍ക്കത്തക്കെതിരായ മത്സരം വിജയിച്ചാല്‍ ഒരുപക്ഷേ രണ്ടാം സ്ഥാനത്തേക്ക് കയറാനും സാധിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരഫലമാകും എല്‍.എസ്.ജിക്കും ക്വാളിഫയര്‍ വണ്ണിനും ഇടയില്‍ പ്രതിബന്ധം തീര്‍ക്കുക.

മുംബൈ ഇന്ത്യന്‍സിനെതിരായ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ വിജയിച്ചതിന്റെ ആവേശത്തിലാണ് ലഖ്‌നൗ ഈഡന്‍ ഗാര്‍ഡന്‍സിലേക്കിറങ്ങുന്നത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും ലഖ്‌നൗവിന് സാധിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ നിന്നും ഇതുവരെ പുറത്തായില്ലെങ്കിലും നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഒരു ശതമാനം സാധ്യത മാത്രമാണ് നൈറ്റ് റൈഡേഴ്‌സിനുള്ളത്. ഒരുപക്ഷേ ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി ഒരിക്കല്‍ക്കൂടി വെളിവാകുകയും ചില മഹാത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ നൈറ്റ് റൈഡേഴ്‌സ് ഒരുപക്ഷേ പ്ലേ ഓഫ് കളിച്ചേക്കും.

Content Highlight: Lucknow Super Giants pays tribute to Mohun Bagan

We use cookies to give you the best possible experience. Learn more