| Thursday, 29th August 2024, 8:26 pm

50 കോടി കൊടുത്ത് രോഹിത് ശര്‍മയെ വാങ്ങിയാല്‍ ബാക്കിയുള്ളവരെ എന്തെടുത്തിട്ട് വാങ്ങും? ചോദ്യവുമായി സൂപ്പര്‍ ടീം ഉടമ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് വീണ്ടും വാംഖഡെയിലെത്തിക്കുകയും ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തതോടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരാണ് ഏറ്റവുമധികം ചര്‍ച്ചയായത്. ഹര്‍ദിക്കും രോഹിത്തും തമ്മിലുള്ള പൊരുത്തക്കേടുകളും ഗ്രൗണ്ടിലെ സംഭവങ്ങളുമെല്ലാം രോഹിത് ടീം വിടുന്നു എന്ന അഭ്യൂഹങ്ങള്‍ക്കും തുടക്കമിട്ടു.

ഐ.പി.എല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കുന്നതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.പി.എല്ലിലെ നിലവിലെ നിയമപ്രകാരം നാല് താരങ്ങളെ മുംബൈ ഇന്ത്യന്‍സിന് നിലനിര്‍ത്താന്‍ സാധിക്കും.

ആ നാല് താരങ്ങളില്‍ രോഹിത് സ്ഥാനം പിടിക്കുമോ അതോ ടീം വിടുമോ എന്നെല്ലാം അറിയാനാണ് ദില്‍ സേ ആരാധകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത്.

അഥവാ രോഹിത് മെഗാ ലേലത്തിന്റെ ഭാഗമാവുകയാണെങ്കില്‍ പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രോഹിത്തിനായി 50 കോടി രൂപ വരെ മുടക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമയായ സഞ്ജീവ് ഗോയങ്കെ. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ തന്നെ എനിക്ക് പറഞ്ഞുതരൂ, രോഹിത് ശര്‍മ ലേലത്തിന്റെ ഭാഗമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? ആര്‍ക്കുമറിയില്ല. ഇതെല്ലാം അനാവശ്യമായ ചര്‍ച്ചകളാണ്.

രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്താലും ഇല്ലെങ്കിലും അദ്ദേഹം ലേലത്തിന്റെ ഭാഗമായാലും ഇല്ലെങ്കിലും ഒരു താരത്തിന് വേണ്ടി ഓക്ഷന്‍ പേഴ്‌സിന്റെ 50 ശതമാനവും മാറ്റിവെച്ചാല്‍ മറ്റുള്ള 22 താരങ്ങളെ നിങ്ങള്‍ എങ്ങനെ വാങ്ങും,’ ഗോയങ്കെ ചോദിച്ചു.

ടീമിന്റെ ക്യാപറ്റന്‍സിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും നിലനിര്‍ത്താനുദ്ദേശിക്കുന്ന താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു.

‘ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍… ഇത്രയും സമയം നമുക്ക് മുമ്പിലുണ്ട്. ഇതിനെ (പ്ലെയര്‍ റിറ്റെന്‍ഷന്‍) കുറിച്ചുള്ള പോളിസികളെല്ലാം പുറത്തുവരട്ടെ. മുമ്പോട്ടുള്ള ടീമിനെ കുറിച്ച് പോലും ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. മൂന്നോ, നാലോ, അഞ്ചോ, ആറോ… എത്ര താരങ്ങളെ നിലനിര്‍ത്താനാകും എന്നതിനെ കുറിച്ചും ഒരു സൂചനയുമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരം കെ.എല്‍. രാഹുലും ഗോയങ്കെയും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടീം വിട്ടേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ലേലത്തില്‍ ഒരു ക്യാപ്റ്റനെ സ്വന്തമാക്കുന്നത് തന്നെയായിരിക്കും സൂപ്പര്‍ ജയന്റ്‌സിന്റെ പ്രഥമ പരിഗണന.

Content Highlight: Lucknow Super Giants owner reacts to reports of spending 50 crores for Rohit Sharma

We use cookies to give you the best possible experience. Learn more