ഐ.പി.എല്ലിന്റെ ഈ സീസണ്‍ കഴിയുന്നതോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഹര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിച്ചതും താരത്തിന് ക്യാപ്റ്റന്‍സി നല്‍കിയതും രോഹിത്തും മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധത്തില്‍ ഇലച്ചില്‍ തട്ടിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സീസണ് പിന്നാലെ രോഹിത് ടീം വിടുകയാണെങ്കില്‍ താരം ഏത് ടീമില്‍ കളിക്കണമെന്നതടക്കം ചര്‍ച്ചകളുടെ ഭാഗമാണ്. രോഹിത് ശര്‍മക്കൊപ്പം കളിക്കുകയും കിരീടം നേടുകയും ചെയ്ത അംബാട്ടി റായിഡുവിന്റെ അഭിപ്രായത്തില്‍ രോഹിത് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തണമെന്നാണ്. ചെന്നൈക്കൊപ്പം രോഹിത് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് റായിഡു പറയുന്നത്.
താരം ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാകണമെന്ന് പറയുന്നവരും കുറവല്ല.
ഇപ്പോള്‍ രോഹിത് ശര്‍മയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കെത്തിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ടീം തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
അടുത്ത സീസണില്‍ ലഖ്‌നൗ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ലാംഗര്‍ ഇക്കാര്യം പറഞ്ഞത്. ചോദ്യകര്‍ത്താവ് രോഹിത് ശര്‍മയുടെ പേര് പറഞ്ഞപ്പോള്‍ ലാംഗര്‍ പുഞ്ചിരിക്കുകയാണ് ചെയ്തത്.
‘ഞാന്‍ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു താരം? (ചിന്തിക്കുന്നു) അത് ആരുമാകാം… ആരെ ടീമിലെത്തിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്,’ ചോദ്യകര്‍ത്താവിനോട് ലഖ്‌നൗ കോച്ച് തിരിച്ചു ചോദിച്ചു.
‘നമ്മള്‍ ഭൂരിഭാഗം സ്ഥാനങ്ങളും കവര്‍ ചെയ്തിട്ടുണ്ട്. എങ്കിലും രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?’ ഇന്റര്‍വ്യൂവര്‍ ചോദിച്ചു.
‘രോഹിത് ശര്‍മ? (ചിരിക്കുന്നു) രോഹിത് ശര്‍മയെ മുംബൈയില്‍ നിന്ന് ലഖ്‌നൗവിലെത്തിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു ഇടനിലക്കാരനാകാന്‍ സാധിക്കും,’ ലാംഗര്‍ പുഞ്ചിരിയോടെ പറഞ്ഞു.
നേരത്തെ ന്യൂസ് 24 ആണ് രോഹിത് ടീം വിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവിട്ടത്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് അസന്തുഷ്ടനാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുംബൈ ഇന്ത്യന്‍സ് താരത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ താരത്തിന്റെ വാക്കുകള്‍ പ്രകാരം കളിക്കളത്തില്‍ തീരുമാനമെടുക്കുന്നതിനായി രണ്ട് താരങ്ങളും വാദിക്കുന്നുണ്ടെന്നും ഇത് ഡ്രസ്സിങ് റൂമില്‍ മോശം അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രോഹിത്തിനൊപ്പം ജസ്പ്രീത് ബുംറയും ഈ സീസണിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും വാംഖഡെയോട് ഗുഡ് ബൈ പറയാനുള്ള ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Content Highlight: Lucknow Super Giants coach about bringing Rohit Sharma to LSG