ടീലെ വാലെ മസ്ജിദ് കേസ് നിലനിൽക്കുമെന്ന് ലഖ്‌നൗ കോടതി; കേസ് തള്ളണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം തള്ളി
national news
ടീലെ വാലെ മസ്ജിദ് കേസ് നിലനിൽക്കുമെന്ന് ലഖ്‌നൗ കോടതി; കേസ് തള്ളണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 3:48 pm

ലഖ്‌നൗ: ടീലെ വാലെ മസ്ജിദ് കേസ് നിലനിർത്തുന്നതിനെതിരെ മുസ്‌ലിം വിഭാഗം നൽകിയ ഹരജി തള്ളി ലഖ്‌നൗ ജില്ലാ കോടതി.

മസ്ജിദ് വളപ്പിലെ ശേഷ് നാഗേഷ് ടീലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുവാനുള്ള അവകാശം തേടി ഹിന്ദുവിഭാഗം നൽകിയ കേസ് നിലനിർത്താൻ 2023ൽ കീഴ്ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജിയാണ് അഡീഷണൽ ജില്ലാ കോടതി തള്ളിയത്.

തെളിവുകൾ രേഖപ്പെടുത്താതെ, 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിയുള്ള മുസ്‌ലിം പക്ഷത്തിന്റെ എതിർപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

ചരിത്രരേഖകൾ പ്രകാരം 16ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ടീലെ വാലി മസ്ജിദ്.

പുരാതന സനാതന പൈതൃക കേന്ദ്രമായ ലക്ഷ്മൺ ടീല ആസ്ഥാനമായ പ്രദേശമാണ് ലഖ്‌നൗ എന്നും മുസ്‌ലിങ്ങൾ ഇവിടെ പള്ളിയാക്കി മാറ്റിയെന്നും അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചു. തുടർന്ന് ഹിന്ദുക്കൾ ഇവിടെ നിന്ന് മാറിത്താമസിച്ചു എന്നും ആരാധനക്കുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്നും ചതുർവേദി പറയുന്നു.

അയോധ്യ വിധിയെ തുടർന്ന് മറ്റു സനാതന പൈതൃക കേന്ദ്രങ്ങളായ മഥുര, കാശി, ലക്ഷ്മൺ ടീല, താജ് മഹൽ, ഖുതബ് മിനാർ എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും ചതുർവേദി പറഞ്ഞു.

Content Highlight: Lucknow’s Teele Wali Masjid case: Muslim party dealt blow by Court, case referred to Lower Court